ഫാറൂഖ് കോളജ് അധ്യാപകനെതിരായ കേസ്; കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്ന് നിയമവിദഗ്ധര്‍
ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
കോഴിക്കോട് ഫാറൂഖ് ടീച്ചേഴ്സ് ട്രെയിനിങ് കോളജിലെ അധ്യാപകന്‍ ജൌഹര്‍ മുനവറിനെതിരെ കേസെടുത്ത സംഭവത്തില്‍ മുസ്‍ലിം സംഘടനകളുടെ പ്രതിഷേധം. കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വിവിധ മുസ്‍ലിം സംഘടനകള്‍ സംയുക്ത പ്രസ്താവന പുറത്തിറക്കി. ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ജൌഹര്‍ മുനവറിനെതിരെ കഴിഞ്ഞ ദിവസമാണ് കൊടുവള്ളി പൊലീസ് കേസെടുത്തത്. സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ പ്രസംഗിച്ചുവെന്നാരോപിച്ച് കോളജിലെ വിദ്യാര്‍ഥിനി നല്‍കിയ പരാതിയിലായിരുന്നു നടപടി. ഐപിസി 354 എ 4, ഐപിസി 509 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗിക ചുവയുള്ള സംസാരം എന്നീ കുറ്റങ്ങളാണ് ചുമത്തിയത്‍. ജാമ്യം ലഭിക്കുന്ന കുറ്റങ്ങളാണിവ. പൊലീസ് ചുമത്തിയ വകുപ്പുകള്‍ പ്രകാരം അധ്യാപകനെതിരെ കുറ്റം നിലനില്‍ക്കില്ലെന്നാണ് നിയമ വിദഗ്ധരുടെ വിലയിരുത്തല്‍.
അതിനിടെ അധ്യാപകന് പിന്തുണയുമായി വിവിധ മുസ്‍ലിം സംഘടനകള്‍ രംഗത്തെത്തി. അധ്യാപകന്‍ നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ മാത്രം അടര്‍ത്തിയെടുത്ത് ദുഷ്പ്രചാരണം നടത്തുകയാണ്. ഫാറൂഖ് കോളജിനെതിരെ ചില നിക്ഷിപ്ത താല്‍പര്യക്കാരാണ് പ്രക്ഷോഭം ആരംഭിച്ചിരിക്കുന്നതെന്നും വിവിധ സംഘടനാ നേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. അധ്യാപകനെതിരെ എടുത്ത കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കൊടുവള്ളി പൊലീസ് സ്റ്റേഷനിലേക്ക് എസ്‍വൈഎസ് മാര്‍ച്ച് നടത്തി.