സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ന്നത് എങ്ങനെയെന്ന് ഉറപ്പിക്കാനാകാതെ പൊലീസ്

Update: 2018-06-04 22:53 GMT
Editor : Subin
സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ന്നത് എങ്ങനെയെന്ന് ഉറപ്പിക്കാനാകാതെ പൊലീസ്
Advertising

കേസുമായി ബന്ധപ്പെട്ട് 100ല്‍ അധികം പേരെ ചോദ്യം ചെയ്യുകയും നിരവധി മൊബൈലുകള്‍ ഫോറന്‍സിക് പരിശോധനക്ക് അയക്കുകയും ചെയ്തിരുന്നു എങ്കിലും കാര്യമായ കണ്ടെത്തലുകള്‍ ഉണ്ടായിരുന്നില്ല.

സിബിഎസ്ഇ ചോദ്യപേപ്പര്‍ ബാങ്കുകളില്‍ സൂക്ഷിച്ച സമയത്തോ സിബിഎസ്ഇ ഉദ്യോഗസ്ഥര്‍ വഴിയോ ആണ് ചോര്‍ന്നതെന്ന് പൊലീസ്. കഴിഞ്ഞ ദിവസം ഡല്‍ഹി ഭവാനയില്‍ നിന്നും അറസ്റ്റ് ചെയ്ത അധ്യപകരെയും പരിശീലന കേന്ദ്രം നടത്തിപ്പുകാരനെയും ചോദ്യം ചെയ്തശേഷമാണ് പൊലീസ് കണ്ടെത്തലെന്നാണ് വിവരം.

അന്വേഷണത്തിന്റെ ഭാഗമായി ഫോറന്‍സിക് പരിശോധനക്കയച്ച മൊബൈലുകളുടെ പരിശോധന ഫലം ലഭിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായേക്കും. സിബിഎസ്ഇ 10,12 ക്ലാസുകളിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ 2 കേസുകളാണ് ഡല്‍ഹി പൊലീസ് എടുത്തിട്ടുള്ളത്.

കേസുമായി ബന്ധപ്പെട്ട് 100ല്‍ അധികം പേരെ ചോദ്യം ചെയ്യുകയും നിരവധി മൊബൈലുകള്‍ ഫോറന്‍സിക് പരിശോധനക്ക് അയക്കുകയും ചെയ്തിരുന്നു എങ്കിലും കാര്യമായ കണ്ടെത്തലുകള്‍ ഉണ്ടായിരുന്നില്ല. ഇതിനിടെയാണ് ഡല്‍ഹി ഭവാനയില്‍ നിന്നും രണ്ട് അധ്യാപകരെയും ഒരു പരിശീലന കേന്ദ്രം നടത്തിപ്പുകാരനെയും അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് നിര്‍ണായകമായ വിവരം ലഭിച്ചതെന്നാണ് സൂചന.

ചോദ്യസെറ്റ് അരമണിക്കൂര്‍ വാട്‌സ്അപ്പ് വഴി പരിശീലന കേന്ദ്രം നടത്തിപ്പുകാരന് നല്‍കിയെന്ന കുറ്റത്തിനാണ് അധ്യാപകരെ പിടികൂടിയത്. എന്നാല്‍ രണ്ടുദിവസം മുമ്പ് തന്നെ ചോദ്യപേപ്പറിന്റെ കയ്യെഴുത്ത് പ്രതി പരിശീലന കേന്ദ്രം വഴി വിതരണം ചെയ്തിരുന്നതായാണ് അന്വേഷണത്തിലെ കണ്ടെത്തല്‍.

ജാര്‍ഖഢില്‍ നിന്ന് പിടിയിലായ കോച്ചിങ് സെന്റര്‍ ഉടമകള്‍ക്കും ചോദ്യപേപ്പര്‍ നേരത്തെ ലഭിച്ചിരുന്നു. ചോദ്യപേപ്പര്‍ സൂക്ഷിച്ചിരുന്ന ബാങ്കുകള്‍ വഴിയും ചോര്‍ന്നു കാണുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News