കായികതാരം ജിനു മരിയ മാനുവലിന് അക്ഷരവീട്; ശിലാഫലകം കൈമാറി
മാധ്യമം ദിനപത്രം മുന്‍കൈയെടുത്ത് നടപ്പാക്കുന്ന അക്ഷരവീട് പദ്ധതിയുടെ ഭാഗമായാണ് താരത്തിന് വീട് നിര്‍മിക്കുന്നത്.
ദേശീയ ഓപ്പണ്‍ അത്‍ലറ്റിക്സ് സ്വര്‍ണ മെഡല്‍ ജേതാവ് ജിനു മരിയ മാനുവലിന്‍റെ സ്വന്തമായൊരു വീട് എന്ന സ്വപ്നം യാഥാര്‍ഥ്യമാകുന്നു. മാധ്യമം ദിനപത്രം മുന്‍കൈയെടുത്ത് നടപ്പാക്കുന്ന അക്ഷരവീട് പദ്ധതിയുടെ ഭാഗമായാണ് താരത്തിന് വീട് നിര്‍മിക്കുന്നത്.
അക്ഷരവീട് പദ്ധതിയുടെ ഭാഗമായുള്ള പതിനൊന്നാമത്തെ വീടാണ് ഹൈജംപ് താരം ജിനു മരിയ മാനുവലിന് നിര്‍മിക്കുന്നത്. വീടിന്‍റെ ശിലാഫലകം ജോയ്സ് ജോര്‍ജ് എംപി താരത്തിന് കൈമാറി. എറണാകുളം മൂവാറ്റുപുഴ ഗ്രാമപഞ്ചായത്ത് ഹാളിലായിരുന്നു ചടങ്ങ്. ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ സെക്രട്ടറി ഇടവേള ബാബു മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് മുന്‍കൈയെടുത്ത് മൂവാറ്റുപുഴ ഇല്ലിച്ചുവടില്‍ വാങ്ങിയ അഞ്ച് സെന്‍റ് സ്ഥലത്താണ് വീട് നിര്‍മിക്കുന്നത്. മാധ്യമം ജനറല്‍ മാനേജര്‍ കളത്തില്‍ ഫാറൂഖ് അധ്യക്ഷത വഹിച്ചു.
മാധ്യമം ദിനപത്രം, താര സംഘടനയായ അമ്മ, യുഎഇ എക്സ്ചേഞ്ച്, എന്‍എംസി ഗ്രൂപ്പ് എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. മൂന്ന് വീടുകള്‍ നിര്‍മാണം പൂര്‍ത്തിയാക്കി ഇതിനോടകം തന്നെ കൈമാറിക്കഴിഞ്ഞു.