കാലവര്‍ഷം ചതിച്ചു; സംസ്ഥാനത്ത് മഴ കുറയുന്നു
സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും ലക്ഷദ്വീപിലും മഴയില്ല
സംസ്ഥാനത്ത് മഴ കുറയുന്നു. മെറ്റീരിയോളജിക്കല്‍ വകുപ്പിന്റെ അവസാന ആഴ്ചയിലെ കണക്കുകള്‍ പ്രകാരം, മഴയുടെ അളവില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും ലക്ഷദ്വീപിലും മഴയില്ല.
സംസ്ഥാനത്ത് മഴക്കുറവ് വലിയ തോതില്‍ തുടരുന്നു. കാലവര്‍ഷം ചതിച്ചതോടെ, കാര്‍ഷിക മേഖലയാണ് കൂടുതല്‍ പ്രതിസന്ധിയിലായിരിയ്ക്കുന്നത്. തുലാവര്‍ഷം കൂടി കൃത്യമായി ലഭിച്ചില്ലെങ്കില്‍ രൂക്ഷമായ വരള്‍ച്ചയും സംസ്ഥാനത്തെ കാത്തിരിയ്ക്കുകയാണ്. മെറ്റീരിയോളജിക്കല്‍ വകുപ്പിന്റെ സെപ്റ്റംബര്‍ അവസാനം വരെയുള്ള കണക്കുകളില്‍ കേരളത്തില്‍ 34 ശതമാനം മഴയുടെ കുറവുണ്ട്. കൂടുതല്‍ രേഖപ്പെടുത്തിയത്, കാര്‍ഷിക മേഖലയായ വയനാട്ടിലാണ്. 59.2 ശതമാനം. രണ്ടാം സ്ഥാനം തൃശൂരിനാണ്. 44 ശതമാനം. 24 ശതമാനം മഴക്കുറവ് രേഖപ്പെടുത്തിയ എറണാകുളം ജില്ലയിലാണ് താരതമ്യേനെ മഴ ലഭിച്ചത്.
ഒക്ടോബര്‍ ആദ്യആഴ്ചയിലെ കണക്കുകളില്‍ വലിയ കുറവ് എന്നാണ് രേഖപ്പെടുത്തിയിരിയ്ക്കുന്നത്. വയനാട്, പാലക്കാട്, കാസര്‍ഗോഡ്, കൊല്ലം,കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ മഴ പെയ്തിട്ടില്ല. 89 മുതല്‍ 99 ശതമാനം വരെ കുറവാണ് ബാക്കിയുള്ള ജില്ലകളില്‍ രേഖപ്പെടുത്തിയിരിയ്ക്കുന്നത്. ചിങ്ങ മാസത്തില്‍ ലഭിയ്ക്കുന്ന മഴയാണ് ഭൂമിയ്ക്കുള്ളില്‍ ഉറവയുണ്ടാകാന്‍ ഏറ്റവും സാധ്യയുള്ളത്. എന്നാല്‍, ഇക്കുറി ഇതുമുണ്ടായില്ല. കാര്‍ഷിക മേഖലയ്ക്കെങ്കിലും കാര്യമായ ഗുണം ലഭിയ്ക്കണമെങ്കില്‍ ഇനി തുലാവര്‍ഷം കനത്തു പെയ്യണം.