കഞ്ചാവ് ഉപയോഗം ചോദ്യംചെയ്തതിന് മഹാരാജാസ് കോളജ് യൂണിയന്‍ ചെയര്‍മാന് മര്‍ദ്ദനം
എറണാകുളം മഹാരാജാസ് കോളേജ് യൂണിയന്‍ ചെയര്‍മാനും എസ്എഫ്ഐ നേതാവുമായ അശ്വിന്‍ പി ദിനേശിനെയാണ് 30 പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്
ക്യാമ്പസിലെ കഞ്ചാവ് ഉപയോഗം ചോദ്യം ചെയ്തതിന് കോളേജ് യൂണിയന്‍ ചെയര്‍മാന് മര്‍ദ്ദനം. എറണാകുളം മഹാരാജാസ് കോളേജ് യൂണിയന്‍ ചെയര്‍മാനും എസ്എഫ്ഐ നേതാവുമായ അശ്വിന്‍ പി ദിനേശിനെയാണ് 30 പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്. സംഭവത്തില്‍ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
മഹാരാജാസ് കോളേജ് ക്യാമ്പസിനുള്ളില്‍ പരസ്യമായി ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ കഞ്ചാവ് ഉപയോഗിക്കുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് എസ്എഫ്ഐ നേതാവും യൂണിയന്‍ ചെയര്‍മാനുമായ അശ്വിന്‍ രംഗത്ത് എത്തിയത്. പലതവണ ഇത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും ഇതിനോട് സഹകരിക്കാന്‍ ഈ വിദ്യാര്‍ത്ഥികള്‍ തയ്യാറായില്ല. കഴിഞ്ഞ ദിവസം കഞ്ചാവ് ഉപയോഗം കര്‍ശനമായി നിര്‍ത്തണമെന്ന് പറഞ്ഞതോടെയാണ് 30 പേര്‍ ചേര്‍ന്ന് അശ്വിനെ മര്‍ദ്ദിച്ചത്.
ക്യാമ്പസില്‍ കഞ്ചാവ് ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ച് വരുകയാണെന്നും കഞ്ചാവ് മാഫിയായുമായി ബന്ധമുള്ള ചില പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ് ഇവര്‍ക്ക് ആവശ്യമായ പിന്തുണ നല്കുന്നതെന്നും അശ്വിന്‍ പറയുന്നു. മര്‍ദ്ദനമേറ്റെങ്കിലും ക്യാമ്പസിലെ കഞ്ചാവ് ഉപയോഗം അവസാനിപ്പിക്കാന്‍ ശക്തമായി പോരാടുമെന്നാണ് ഈ വിദ്യാര്‍ത്ഥി നേതാവ് പറയുന്നത്. അശ്വിന്റെ പരാതിയെ തുടര്‍ന്ന് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.