വാഗമണില്‍ സ്വകാര്യവ്യക്തിക്ക് ഭൂമി കൈമാറാന്‍ നിയമവിരുദ്ധ ഉത്തരവ്
ഇടുക്കി വാഗമണിലും സ്വകാര്യവ്യക്തിക്ക് ഭൂമി കൈമാറാന്‍ റവന്യൂവകുപ്പിന്റെ നിയമവിരുദ്ധ ഉത്തരവ്.
ഇടുക്കി വാഗമണിലും സ്വകാര്യവ്യക്തിക്ക് ഭൂമി കൈമാറാന്‍ റവന്യൂവകുപ്പിന്റെ നിയമവിരുദ്ധ ഉത്തരവ്. സ്വകാര്യവ്യക്തിയുടെ പരാതിയിലാണ് സര്‍വ്വെ നമ്പര്‍ തിരുത്തി സര്‍ക്കാര്‍ ഭൂമി കൈമാറാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്. ഉത്തരവിന്റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു.
റവന്യൂവകുപ്പ് അഡി സെക്രട്ടറി ബിശ്വാസ് മേത്ത മാര്‍ച്ച് മൂന്നിന് ഇടുക്കി കലക്ടര്‍ക്ക് നല്‍കിയ ഉത്തരവാണിത്. സ്വകാര്യവ്യക്തിയുടെ അപേക്ഷ പരിഗണിച്ച് പട്ടയത്തിലെ സര്‍വെ നമ്പര്‍ മാറ്റിക്കൊടുക്കാന്‍ ഉത്തരവ് കലക്ടര്‍ക്ക് അനുമതി നല്‍കുന്നു. ലേലത്തില്‍ പിടിച്ച 2.75 ഏക്കര്‍ ഭൂമിയില്‍ 96 മുതല്‍ കരമടച്ച് വരികയാണെന്നും എന്നാല്‍ ഈ ഭൂമിയുടെ സര്‍വെ നമ്പര്‍ തെറ്റായി രേഖപ്പെടുത്തിയത് തിരുത്തി നല്‍കണമെന്നുമാണ് മാത്യുജോസഫെന്നയാളുടെ അപേക്ഷ. എന്നാല്‍ ഇയാള്‍ രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്ന സര്‍വേ നമ്പര്‍ സര്‍ക്കാര്‍ ഭൂമിയാണ്. ഇതിന് അനുമതി നല്‍കുകയാണ് ചട്ടങ്ങള്‍ മറികടന്നുകൊണ്ട് റവന്യൂവകുപ്പ് ചെയ്തിരിക്കുന്നത്.
വിശദമായ പരിശോധനക്ക് ശേഷം മാത്രം നല്‍കുന്ന പട്ടയത്തിലെ സര്‍വെ നമ്പര്‍ മാറ്റാന്‍ നിയമത്തില്‍ വകുപ്പില്ല. മാത്രമല്ല, വില്ലേജ് ഓഫീസര്‍ വഴി പരിഹരിക്കേണ്ട പ്രശ്നം നേരിട്ട് റവന്യൂവകുപ്പില്‍ എത്തുകയും വകുപ്പ് നേരിട്ട് കലക്ടര്‍ക്ക് ഉത്തരവിടുകയുമാണ് ചെയ്തിരിക്കുന്നത്. സര്‍ക്കാര്‍ ഭൂമി സ്വകാര്യവ്യക്തിക്ക് അനധികൃതമായി കൈമാറാന്‍ റവന്യൂവകുപ്പ് തന്നെ സൌകര്യം ചെയ്തുകൊടുക്കുകയാണ് ഇതുവഴി ചെയ്തിരിക്കുന്നത്.