സംസ്ഥാനത്ത് നാളെ അർധരാത്രി മുതൽ 45 ദിവസത്തേക്ക് ട്രോളിംഗ് നിരോധം
സര്‍ക്കാര്‍ അനുവദിച്ച സൌജന്യ റേഷന്‍ വിതരണത്തില്‍ അപാകതയുണ്ടെന്ന് മത്സ്യത്തൊഴിലാളികള്‍
സംസ്ഥാനത്ത് നാളെ അർധരാത്രി മുതൽ ട്രോളിംഗ് നിരോധനം നിലവിൽ വരും. 45 ദിവസത്തെ നിരോധനമാണ് നിലവിൽ വരുന്നത്. യന്ത്രവത്കൃത ബോട്ടുകൾ നാളെ അർധരാത്രിക്കുള്ളിൽ തീരത്ത് അടുപ്പിക്കണമെന്ന് ഫിഷറീസ് വകുപ്പ് നിർദേശിച്ചിട്ടുണ്ട്.
തീരത്ത് വറുതിയുടെ കാലം ആരംഭിക്കുകയാണ്. ഇനിയുള്ള 45 ദിവസങ്ങൾ മത്സ്യതൊഴിലാളി കുടുംബങ്ങൾ പട്ടിണിയിലും ദാരിദ്രത്തിലുമായിരിക്കും. ഒരു ലക്ഷത്തിലധികം തൊഴിലാളികളെ നിരോധനം നേരിട്ട് ബാധിക്കും. അനുബന്ധ വ്യവസായങ്ങളിലെ തൊഴിലാളികളെ കൂടി കൂട്ടിച്ചേര്‍ത്താല്‍ നിരോധനം ബാധിക്കുന്നവരുടെ എണ്ണം മൂന്ന് ലക്ഷം കടക്കും.
മത്സ്യത്തൊഴിലാളികളുടെ ദാരിദ്ര്യം അകറ്റാൻ സർക്കാർ സൗജന്യറേഷനും മറ്റ് ആനുകൂല്യങ്ങളും അനുവദിച്ചിട്ടുണ്ട്. എന്നാൽ ഇതിന്റെ വിതരണവുമായി ബന്ധപ്പെട്ടും വ്യാപക പരാതിയാണ് ഉയരുന്നത്. നിരോധന കാലയളവ് തന്നെ ശാസ്ത്രിയമല്ലെന്നാണ് തൊഴിലാളികളുടെ അഭിപ്രായം. നിരോധനമായി ബന്ധപ്പെട്ട് നാളെ ഉച്ചമുതൽ തീരദേശ പൊലീസിന്റെ പ്രത്യേക പെട്രോളിങ്ങും ആരംഭിക്കും.