വേങ്ങരയില്‍ പ്രചരണത്തില്‍ വീഴ്ചയുണ്ടായെന്ന് ലീഗിന്‍റെ പ്രാഥമിക വിലയിരുത്തല്‍
ആക്രമണാത്മക ഹിന്ദുത്വം സജീവ ചര്‍ച്ചയായ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വോട്ടര്‍മാരില്‍ ഒരു വിഭാഗം ഇടതുപക്ഷത്തെ വിശ്വാസത്തിലെടുത്തതും ഭൂരിപക്ഷം കുറയാനിടയാക്കി.
രാഷ്ട്രീയ കാരണങ്ങള്‍ക്ക് അപ്പുറം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലുണ്ടായ വീഴ്ചയും വേങ്ങരയില്‍ യുഡിഎഫിന്‍റെ ഭൂരിപക്ഷം കുറയാന്‍ ഇടയാക്കിയെന്ന് മുസ്‍ലിം ലീഗിന്‍റെ പ്രാഥമിക വിലയിരുത്തല്‍. ആക്രമണാത്മക ഹിന്ദുത്വം സജീവ ചര്‍ച്ചയായ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വോട്ടര്‍മാരില്‍ ഒരു വിഭാഗം ഇടതുപക്ഷത്തെ വിശ്വാസത്തിലെടുത്തതും ഭൂരിപക്ഷം കുറയാനിടയാക്കി.
പാര്‍ട്ടിയിലും മുന്നണിയിലും ശക്തനായ പി കെ കുഞ്ഞാലിക്കുട്ടിക്ക് വേങ്ങരയില്‍ ലഭിച്ച വോട്ടുകള്‍ കെഎന്‍എ ഖാദറിന് ലഭിക്കില്ലെന്ന് മുസ്‍ലിം ലീഗ് നേരത്തേ വിലയിരുത്തിയിട്ടുണ്ട്. സംഘപരിവാറിനെ കടന്നാക്രമിച്ചുള്ള എല്‍ഡിഎഫിന്‍റെ പ്രചരണം തന്നെയാണ് ഭൂരിപക്ഷം കുറയാനുള്ള പ്രധാന കാരണമായി ലീഗ് കാണുന്നത്. കെ ടി ജലീല്‍ അടക്കമുള്ള സംസ്ഥാന മന്ത്രിമാര്‍ മണ്ഡലത്തില്‍ ക്യാംപ് ചെയ്ത് നടത്തിയ പ്രചരണം ലീഗ് വോട്ടുകളില്‍ ചോര്‍ച്ചയുണ്ടാക്കി. ഇതെല്ലാം മറികടക്കാവുന്ന സംഘടനാ ശക്തി വേങ്ങരയില്‍ ലീഗിനുണ്ടെങ്കിലും തെരഞ്ഞെടുപ്പില്‍ ആ ശക്തി പ്രതിഫലിച്ചില്ലെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. അതിന് പ്രധാന കാരണമായി എണ്ണുന്നത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലുണ്ടായ വീഴ്ചയാണ്. സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചോദിച്ച് ഒരു തവണ പോലും പ്രവര്‍ത്തകര്‍ എത്താത്ത പാര്‍ടി കുടുംബങ്ങള്‍ വേങ്ങരയിലുണ്ടെന്നാണ് പാര്‍ടി തന്നെ കണ്ടെത്തിയിരിക്കുന്നത്.
2011 മുതലുള്ള തെരഞ്ഞെടുപ്പുകള്‍ പരിശോധിച്ചാല്‍ മലപ്പുറം ജില്ലയില്‍ മുസ്‍ലിം ലീഗിന്‍റെ വോട്ട് വിഹിതം കുറഞ്ഞ് വരുന്നതായി കാണാം. എല്‍ഡിഎഫിന്‍റെ വോട്ട് വിഹിതത്തില്‍ വര്‍ധനവും ദൃശ്യമാണ്. വേങ്ങരയിലെ വോട്ട് ചോര്‍ച്ചയില്‍ ഇതും ഒരു ഘടകമാണെന്ന് പാര്‍ട്ടി വിലയിരുത്തുന്നുണ്ട്.