പ്രതികരണത്തില്‍ ജാഗ്രതക്കുറവുണ്ട്; തോമസ് ചാണ്ടി വിഷയത്തില്‍ കെഇ ഇസ്മയിലിനെ തള്ളി സിപിഐ

Update: 2018-06-05 10:23 GMT
Editor : Jaisy
പ്രതികരണത്തില്‍ ജാഗ്രതക്കുറവുണ്ട്; തോമസ് ചാണ്ടി വിഷയത്തില്‍ കെഇ ഇസ്മയിലിനെ തള്ളി സിപിഐ
Advertising

യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ച സംസ്ഥാന എക്സിക്യൂട്ടീവില്‍ ഇസ്മയില്‍ പങ്കെടുത്തിരുന്നില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറ‍ഞ്ഞു

തോമസ് ചാണ്ടി വിഷയത്തില്‍ പാര്‍ട്ടി നിലപാടിനെതിരെ പരസ്യപ്രതികരണം നടത്തിയ ദേശീയ നിര്‍വാഹക സമിതിയംഗം കെ ഇ ഇസ്മയിലിനെ തള്ളി സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു. ഇസ്മയിലിന്റെ പ്രതികരണത്തില്‍ ജാഗ്രതക്കുറവുണ്ട്. പാര്‍ട്ടി ഇക്കാര്യം പരിശോധിക്കും. നേതൃത്വത്തിന്റെ തീരുമാനപ്രകാരമാണ് മന്ത്രിസഭായോഗത്തില്‍ നിന്ന് പാര്‍ട്ടി മന്ത്രിമാര്‍ വിട്ടുനിന്നതെന്നും എല്ലാ കാര്യങ്ങളും ഇസ്മയിലിനോട് ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും പ്രകാശ് ബാബു വ്യക്തമാക്കി.

Full View

മന്ത്രിസഭ ബഹിഷ്കരിക്കാനുള്ള തീരുമാനം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തില്ലെന്നായിരുന്നു കെ ഇ ഇസ്മയില്‍ പറഞ്ഞത്. എന്നാല്‍ തോമസ് ചാണ്ടിയെ രാജിവെപ്പിക്കുക എന്ന പാര്‍ട്ടിയുടെ ഏകകണ്ഠമായ തീരുമാനത്തിന്റെ നിര്‍വഹണമാണ് നടന്നതെന്ന് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി. പറഞ്ഞു. ഇടതുമുന്നണിയില്‍ പൊട്ടിത്തെറിയുണ്ടാക്കിയെങ്കിലും പൊതുജനമധ്യത്തില്‍ വലിയ പ്രതിച്ഛായ നേടിക്കൊടുത്ത നീക്കമായിരുന്നു സിപിഐയുടേത്. ഇതിന്റെ മറുപക്ഷത്ത് നില്‍ക്കുന്ന ഇസ്മയിലിന്റെ നിലപാട് പാര്‍ട്ടി ഗൌരവമായി തന്നെ കാണുന്നു.

സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിരുദ്ധ ചേരിയിലുള്ള ഇസ്മയിലിന്റെ വിമത സ്വരത്തിന് പാര്‍ട്ടിയില്‍ അധികം പിന്തുണ ലഭിക്കാനിടയില്ല. എങ്കിലും പാര്‍ട്ടി സമ്മേളനങ്ങള്‍ പുരോഗമിക്കുന്ന പശ്ചാത്തലത്തില്‍ 22ന് ചേരുന്ന സംസ്ഥാന നിര്‍വാഹക സമിതിയോഗം ഇസ്മയിലിന് നിര്‍ണായകമാവും.

ഇസ്മയിലിന്റെ വിമര്‍ശങ്ങള്‍‌ സംസ്ഥാന എക്സിക്യൂട്ടീവ് പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്മയിലിന് ജാഗ്രത കുറവുണ്ടായതായും പ്രകാശ് ബാബു പറഞ്ഞു. തോമസ് ചാണ്ടി വിഷയത്തില്‍ സിപിഐയില്‍ ഭിന്നതയില്ല. പാര്‍ട്ടിയുടെ തീരുമാനമാണ് മന്ത്രിമാര്‍ നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News