18 ശതമാനം ജിഎസ്ടി; ക്രിസ്മസ് കേക്കുകളുടെ വില കുത്തനെകൂടി
18 ശതമാനം ജിഎസ്ടി ഏർപ്പെടുത്തിയതോടെയാണ് കേക്കുകളുടെ വില വര്‍ധിച്ചത്.
ക്രിസ്മസ് വിപണിയെ തളർത്തി കേക്കുകളുടെ വിലവർധന. 18 ശതമാനം ജിഎസ്ടി ഏർപ്പെടുത്തിയതോടെയാണ് കേക്കുകളുടെ വില വര്‍ധിച്ചത്. ഒരു കിലോ കേക്കിന് 150 രൂപ വരെ ഉപഭോക്താക്കള്‍ അധികം നല്‍കണം.
ക്രിസ്മസ് വിപണി എല്ലായിടത്തും സജീവമാണ്. എന്നാല്‍ വിപണിയിലെ താരമായ കേക്കുകള്‍ പക്ഷേ ഇത്തവണ ഉപഭോക്താക്കളുടെ കൈപൊള്ളിക്കും. ജിഎസ്ടി നടപ്പാക്കുന്നതിന് മുന്‍പ് വെറും 5 ശതമാനമായിരുന്നു കേക്കിന്റെ നികുതി. ജിഎസ്ടി വന്നതോടെ ഇത് 18 ശതമാനമായി വര്‍ധിച്ചു. വര്‍ഷം ഒന്നരക്കോടിക്കു മുകളില്‍ വിറ്റുവരവുള്ള ബേക്കറികള്‍ക്കെല്ലാം പുതിയ നികുതി ബാധകമാണ്. പ്രമുഖ ബേക്കറികളില്‍ നിന് ഒരു കിലോ കേക്ക് വാങ്ങിയാല്‍ 100 മുതല്‍ 150 രൂപ വരെ നികുതിയിനത്തില്‍ നല്‍കണം.
ഒരു കിലോഗ്രാം കേക്കിന് നിലവാരമനുസരിച്ച് 300 രൂപ മുതൽ 900 രൂപ വരെ വിലയുണ്ട്. 900 രൂപ വിലയുള്ള കേക്കിന് 150 രൂപ വരെ നികുതിയിനത്തില്‍ നല്‍കേണ്ടി വരും. വിലവര്‍ധന ഉപഭോക്തള്‍ അറിയിക്കാതിരിക്കാന്‍ ഒരു കിലോ കേക്ക് 900 ഗ്രാമാക്കി വില നിയന്ത്രിക്കുന്ന തന്ത്രവും കേക്ക് ബ്രാന്റുകള്‍ പയറ്റുന്നുണ്ട്.