കോട്ടയം മെഡിക്കല്‍ കോളജില്‍ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം
കോട്ടയം മെഡിക്കല്‍ കോളേജില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ ഒഴിവാക്കിക്കൊണ്ട് രണ്ടാം വര്‍ഷക്കാരുടെ അവസാന ഇന്റേണല്‍ പരീക്ഷ നടത്തിയതാണ് പ്രതിഷേധത്തിനിടയാക്കിയത്...
മെഡിക്കല്‍ കോളജില്‍ സമരം ചെയ്യുന്നവരെ ഒഴിവാക്കി പരീക്ഷ നടത്തിയതിനെതിരെ വിദ്യാര്‍ഥികളുടെ പ്രതിഷേധം. മൂന്ന് മണിക്കൂര്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പാളിനേയും ജീവനക്കാരെയും ഉപരോധിച്ചു. തുടര്‍ന്ന് പരീക്ഷ എഴുതാന്‍ സാധിക്കാതിരുന്നവര്‍ക്ക് വീണ്ടും അവസരം നല്‍കാമെന്ന പ്രിന്‍സിപ്പാളിന്റെ ഉറപ്പിനെ തുടര്‍ന്നാണ് ഉപരോധ സമരം അവസാനിപ്പിച്ചത്.
സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം വര്‍ദ്ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് പിജി ഡോക്ടര്‍മാരും മെഡില്‍ വിദ്യാര്‍ത്ഥിക്കും സംസ്ഥാന വ്യാപകമായി പണി മുടക്കും പടിപ്പ് മുടക്കും നടത്തി വരികയാണ്. ഇതിനിടയിലാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ ഒഴിവാക്കിക്കൊണ്ട് രണ്ടാം വര്‍ഷക്കാരുടെ അവസാന ഇന്റേണല്‍ പരീക്ഷ നടത്തിയത്. സമരത്തില്‍ പങ്കെടുക്കാത്ത ഏതാനം വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി പരീക്ഷ നടത്തിയതോടെ ബാക്കിയുള്ള വിദ്യാര്‍ത്ഥികള്‍ ഇതിനെതിരെ പ്രതിഷേധവുമായി എത്തുകയായിരുന്നു.
പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രിന്‍സിപ്പാളിനെയും ജീവനക്കാരെയും വിദ്യാര്‍ത്ഥികള്‍ ഉപരോധിച്ചു. മൂന്ന് മണിക്കൂറോളം ഉപരോധം നീണ്ടു. തുടര്‍ന്ന് പരീക്ഷ എഴുതാന്‍ സാധിക്കാത്തവര്‍ക്ക് വീണ്ടും അവസരം നല്‍കാമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചതോടെയാണ് വിദ്യാര്‍ത്ഥികള്‍ സമരം അവസാനിപ്പിച്ചത്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹവും സ്ഥലത്ത് ഉണ്ടായിരുന്നു.