അസഹിഷ്ണുതക്കെതിരെ സംസാരിക്കുന്നവരെ ഇല്ലാതാക്കാന്‍ ശ്രമം: എ കെ ബാലൻ
ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ പുരസ്കാരം എഴുത്തുകാരൻ കെ പി രാമനുണ്ണിക്ക് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
അസഹിഷ്ണുതക്കെതിരെ സംസാരിക്കുന്നവരെ ഇല്ലാതാക്കാനാണ് രാജ്യത്ത് ശ്രമം നടക്കുന്നതെന്ന് സാംസ്കാരിക വകുപ്പ മന്ത്രി എ കെ ബാലൻ. കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ നടന്ന അക്രമത്തിന് പിന്നിലും അസഹിഷ്ണുതയാണെന്ന് മന്ത്രി പറഞ്ഞു. ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ പുരസ്കാരം എഴുത്തുകാരൻ കെ പി രാമനുണ്ണിക്ക് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഫോറം ഫോര്‍ ഡെമോക്രസി ആന്‍ഡ് കമ്യൂണല്‍ അമിറ്റി ഏർപ്പെടുത്തിയ ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ പുരസ്കാരം എഴുത്തുകാരൻ കെ പി രാമനുണ്ണിക്ക് സമ്മാനിച്ച് സംസാരിക്കവെയാണ് സംഘപരിവാറിനെതിരെ കടുത്ത വിമര്‍ശങ്ങള്‍ സാംസ്കാരിക വകുപ്പ് മന്ത്രി ഉന്നയിച്ചത്. ബഹുസ്വരത നിലനിർത്തുകയെന്നതാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഗാന്ധി ഘാതകർ ആദരിക്കപ്പെടുന്ന കാലമാണിന്ന്. ദലിത് പീഡനവും ഗോരക്ഷ കലാപങ്ങളും എപ്പോഴും നടക്കാമെന്ന അവസ്ഥയിലാണ് രാജ്യം. ഇതിനെ ആരെങ്കിലും തള്ളിപ്പറഞ്ഞാൽ അവരെ ഇല്ലാതാക്കുന്ന കാലമാണിതെന്നും എ കെ ബാലന്‍ പറഞ്ഞു.
സെക്കുലറിസം, മതേതരം, മതാധിഷ്ഠിതം എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ മാധ്യമം മീഡിയ വൺ ഗ്രൂപ്പ് എഡിറ്റർ ഒ അബ്ദുറഹ്മാൻ മുഖ്യപ്രഭാഷണം നടത്തി. തീവ്ര ദേശീയതയുടെ പേരിലുള്ള ഫാസിസ്റ്റ് മുന്നേറ്റത്തെ നേരിടാൻ ഒന്നിച്ചു നിൽക്കുന്ന കാര്യത്തിൽ മതേതര പാർട്ടികൾക്ക് ഏകാഭിപ്രായമില്ലാത്തത് ദൗർഭാഗ്യകരമാണെന്ന് ഒ അബ്ദുറഹ്മാന്‍ പറഞ്ഞു. എഫ്ഡിസിഎ സെക്രട്ടറി ടി കെ ഹുസൈൻ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഭാസുരേന്ദ്ര ബാബു സ്വാഗതവും വയലാർ ഗോപകുമാർ നന്ദിയും പറഞ്ഞു.