എംഎം അക്ബറിന്‍റെ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി
പൊലീസ് കസ്റ്റഡി കാലാവധി അവസാനിച്ചതിനാല്‍ അദ്ദേഹത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു
പ്രമുഖ ഇസ്‍ലാമിക പണ്ഡിതൻ എം എം അക്‍ബറിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. 5 ദിവസത്തെ പൊലീസ് കസ്റ്റഡി അവസാനിച്ചതോടെയാണ് എം എം അക്‍ബറിനെ റിമാന്‍ഡ് ചെയ്തത്. അക്‍ബര്‍ നൽകിയ ജാമ്യാപേക്ഷയില്‍ വാദം പൂർത്തിയാക്കിയ കോടതി, ചൊവ്വാഴ്ചത്തേക്ക് വിധി പറയാൻ മാറ്റി.
പീസ് ഇന്റർനാഷണൽ സ്കൂളിലെ വിവാദ പാഠപുസ്തകവുമായി ബന്ധപ്പെട്ട കേസിലാണ് പീസ് എഡ്യുക്കേഷന്‍ ഫൌണ്ടേഷന്‍ ഡയറക്ടര്‍ എം എം അക്‍ബറിനെ എറണാകുളം ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. അഞ്ച് ദിവസത്തെ കസ്റ്റഡി കാലാവധി പൂര്‍ത്തിയായ അക്‍ബറിന്റെ ജാമ്യാപേക്ഷ പരിഗണിച്ച കോടതി, വിധി പറയുന്നത് മാര്‍ച്ച് ആറിലേക്ക് മാറ്റി. സര്‍ക്കാര്‍ എം എം അക്‍ബറിന്റെ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്തു. പുസ്തകത്തിലെ വിവാദ പാഠഭാഗങ്ങള്‍ ദുരുദ്ദേശപരമാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
153-എ വകുപ്പ് ചുമത്തിയത് ബോധപൂര്‍വ്വമാണെന്ന് എം എം അക്‍ബറിന്റെ അഭിഭാഷകന്‍ വാദിച്ചു. പാഠപുസ്തകത്തിന്റെ പ്രസാധകര്‍ക്കെതിരെയല്ല പകരം പീസ് ഫൌണ്ടേഷന്‍ ഡയറക്ടറായ എം എം അക്‍ബറിനെ വേട്ടയാടാന്‍ ലക്ഷ്യമിട്ടുള്ളതാണ് കേസ്. പാഠഭാഗങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്താണ് കേസെടുത്തതെന്നും എം എം അക്‍ബര്‍ കോടതിയെ ബോധിപ്പിച്ചു.
വിദേശ യാത്രക്കിടെ ഹൈദരാബാദ് വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം അക്ബറിനെ തടഞ്ഞുവെച്ച് കേരള പൊലീസിന് കൈമാറുകയായിരുന്നു.