വെടിക്കെട്ടപകടത്തിന് ഒരു മാസം; ദുരന്തത്തിന്റെ കെടുതിയില്‍ നിന്നും ഇനിയും മുക്തരാകാതെ പരവൂര്‍ ജനത
109 പേര്‍ക്കാണ് ദുരന്തത്തില്‍ ജീവന്‍ നഷ്ടമായത്. നൂറിലധികം പേര്‍ക്ക് അംഗഭംഗം സംഭവിച്ചു. മുന്നൂറിലധികം പേര്‍ ഇന്നു വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്.
രാജ്യത്തെ നടുക്കിയ പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തിന് ഇന്ന് ഒരു മാസം തികയുകയാണ്. മഹാ ദുന്തത്തിന്റെ കെടുതിയില്‍ നിന്നും മുക്തരാകാന്‍ പരവൂര്‍ ജനതയ്ക്ക് ഇനിയും സാധിച്ചിട്ടില്ല. അപകടത്തില്‍ പരിക്കേറ്റ മൂന്നൂറോളം പേര്‍ ഇന്നും ചികിത്സയില്‍ കഴിയുകയാണ്.
ഇക്കഴിഞ്ഞ ഏപ്രില്‍ പത്തിന് പുലര്‍ച്ചെ മൂന്നേകാലോടെയാണ് രാജ്യത്തെ നടുക്കിയ പരവൂര്‍ വെടിക്കെട്ടപകടം സംഭവിച്ചത്. പുറ്റിങ്ങല്‍ ദേവീ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് നടന്ന വെടിക്കെട്ടിനിടെ കമ്പപ്പുരയ്ക്ക് തീപിടിച്ചതോടെ ക്ഷേത്രമൈതാനം കുരുതിക്കളമായി. 109 പേര്‍ക്കാണ് ദുരന്തത്തില്‍ ജീവന്‍ നഷ്ടമായത്. നൂറിലധികം പേര്‍ക്ക് അംഗഭംഗം സംഭവിച്ചു. മുന്നൂറിലധികം പേര്‍ ഇന്നു വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. ഒരുമാസം പിന്നിടുമ്പോഴും ദുരന്തത്തിന്റെ കെടുതിയില്‍ നിന്നും പരവൂര്‍ ജനത മുകതരായിട്ടില്ല.
സമീപത്തുള്ള കെട്ടിടങ്ങള്‍ പുനര്‍ നിര്‍മിച്ചെങ്കിലും സ്‌ഫോടനത്തില്‍ തകര്‍ന്ന ക്ഷേത്രഭാഗങ്ങള്‍ ഇന്നും പഴയപടി സൂക്ഷിക്കുകയാണ്. ഇത് കാണുന്നതിനായി ദിവസവും വിദേശികളടക്കം നൂറ് കണക്കിന് പേര്‍ എത്താറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. അതേസമയം ദുരന്തത്തെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷന്റെ പ്രവര്‍ത്തനവും ഇനിയും ആരംഭിക്കാനായിട്ടില്ല. കമ്മീഷന് ആവശ്യമായ ജീവനക്കാരെ ലഭ്യമാകാത്തതാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത് വൈകാന്‍ കാരണം.