പി ജയരാജനെതിരെ യുഎപിഎ ചുമത്തിയത് ശരിവെച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേ ഇല്ല
സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ജയരാജൻ സമർപ്പിച്ച അപ്പീൽ ഡിവിഷൻ ബഞ്ച് ഫയലില്‍ സ്വീകരിച്ചു.
കതിരൂര്‍ മനോജ് വധക്കേസില്‍ പി ജയരാജനെതിരെ യുഎപിഎ ചുമത്തിയത് ശരിവെച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേ ഇല്ല. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ജയരാജൻ സമർപ്പിച്ച അപ്പീൽ ഡിവിഷൻ ബഞ്ച് ഫയലില്‍ സ്വീകരിച്ചു. എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാനും കോടതി നിർദേശം നൽകി
ആർഎസ്എസ് നേതാവ് കതിരൂര്‍ മനോജിനെ കൊലപ്പെടുത്തിയ കേസിൽ പി ജയരാജൻ അടക്കമുള്ള പ്രതികൾക്കെതിരെ യുഎപിഎ ചുമത്തിയത് ശരിവെച്ച സിംഗിൾ ബഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് സമർപ്പിച്ച അപ്പീലാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. സിബിഐ അന്വേഷിക്കുന്ന കേസില്‍ യുഎപിഎ ചുമത്താന്‍ കേന്ദ്രസര്‍ക്കാരിന്‍റെ അനുമതി മാത്രം മതിയെന്ന് വിലയിരുത്തിയായിരുന്നു സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്.
സംസ്ഥാന സര്‍ക്കാറിന്‍റെ ആവശ്യ പ്രകാരം സിബി.ഐ അന്വേഷിക്കുന്ന കേസില്‍ യുഎപിഎ ചുമത്താൻ സംസ്ഥാന സര്‍ക്കാറിന്‍റെ അനുമതി വേണമെന്നും അതില്ലാതെയാണ് ഇപ്പോഴത്തെ നടപടിയെന്നും ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍ സമര്‍പ്പിച്ചത്. കേന്ദ്ര സർക്കാറിന്‍റെ അനുമതിയുണ്ടെങ്കിലും അതിന് സാധുതയില്ലെന്നും അതിനാൽ സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്നുമാണ് ജയരാജന്‍ അടക്കമുള്ളവർ സമർപ്പിച്ച ഹരജിയിലെ ആവശ്യം. എന്നാൽ സ്റ്റേ ആവശ്യം നിരസിച്ച കോടതി എതിർകക്ഷികൾക്ക് നോട്ടീസയക്കാൻ നിര്‍ദേശം നല്‍കി.