നിപ വൈറസ്; മൃതദേഹം സംസ്‌കരിക്കാന്‍ ശ്മശാനം ജീവനക്കാര്‍ തയ്യാറായില്ലെന്ന് പരാതി

Update: 2018-06-05 03:46 GMT
Editor : Jaisy
നിപ വൈറസ്; മൃതദേഹം സംസ്‌കരിക്കാന്‍ ശ്മശാനം ജീവനക്കാര്‍ തയ്യാറായില്ലെന്ന് പരാതി
Advertising

വൈദ്യുതി ശ്മശാനം തകരാറിലായതിനാല്‍ പുക പടരും എന്നായിരുന്നു ജീവനക്കാരുടെ വാദം.പിന്നീട് ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥര്‍ ശ്മശാനത്തില്‍ നേരിട്ടെത്തി മൃതദേഹം സംസ്‌കരിച്ചു.

നിപ വൈറസ് ബാധമൂലം കോഴിക്കോട് മരിച്ച രാജന്റെ മൃതദേഹം സംസ്‌കരിക്കാന്‍ ശ്മശാനം ജീവനക്കാര്‍ തയ്യാറായില്ലെന്ന് പരാതി. വൈദ്യുതി ശ്മശാനം തകരാറിലായതിനാല്‍ സംസ്‌കരിക്കാനാകില്ല എന്നായിരുന്നു നിലപാട്. ഇതോടെ കൂരാചുണ്ട് വട്ടച്ചിറ സ്വദേശി രാജന്റെ മൃതദേഹം ഒന്നരമണിക്കൂറോളം പുറത്ത് കിടന്നു.

ഇന്ന് രാവിലെയാണ് വട്ടച്ചിറ സ്വദേശി രാജന്‍ മരിക്കുന്നത്. രോഗം പടരാതിരിക്കാന്‍ മാവൂര്‍ റോഡിലെ വൈദ്യുത ശ്മശാനത്തില്‍ സംസ്‌ക്കരിക്കാന്‍ തീരുമാനിച്ചു. മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും ശ്മശാനത്തില്‍ എത്തിയെങ്കിലും സംസ്‌കരിക്കാനാകില്ല എന്ന നിലപാടായിരുന്നു ജീവനക്കാര്‍ക്കെന്ന് ബന്ധുക്കള്‍ പറയുന്നു. വൈദ്യുതി ശ്മശാനം തകരാറിലായതിനാല്‍ പുക പടരും എന്നായിരുന്നു ജീവനക്കാരുടെ വാദം.

പിന്നീട് ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥര്‍ ശ്മശാനത്തില്‍ നേരിട്ടെത്തി മൃതദേഹം സംസ്‌കരിച്ചു. ഒന്നര മണിക്കൂറാണ് രാജന്റെ മൃതദേഹം ആംബുലന്‍സില്‍ പുറത്ത് കിടന്നത്. മൃതദേഹത്തിന് കാവലായി ബന്ധുക്കളും.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News