ചെങ്ങന്നൂര്‍ ഫലം ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും നിര്‍ണായകം
സര്‍ക്കാരിന്റെ വിലയിരുത്തലായി മാറുമെന്ന് ഭരണപക്ഷ നേതാക്കള്‍ സമ്മതിക്കുമ്പോള്‍ തങ്ങളുടെ കൂടി വിലയിരുത്തലാണ് ഫലമെന്ന് പ്രതിപക്ഷത്തിനും അറിയാം.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഒരുപോലെ നിര്‍ണായകമാവും. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലായി മാറുമെന്ന് ഭരണപക്ഷ നേതാക്കള്‍ സമ്മതിക്കുമ്പോള്‍ തങ്ങളുടെ കൂടി വിലയിരുത്തലാണ് ഫലമെന്ന് പ്രതിപക്ഷ നേതൃത്വത്തിനും അറിയാം.
ചെങ്ങന്നൂരിലെ വോട്ടര്‍മാര്‍ പോളിങ് ബൂത്തിലേക്ക് പോകുമ്പോള്‍ ചങ്കിടിക്കുന്നത് സ്ഥാനാര്‍ഥികള്‍ക്ക് മാത്രമല്ല. സംസ്ഥാനത്തിന്റെ ഭരണയന്ത്രത്തിന് ഒന്നാകെയാണ്. കാരണം പിണറായി സര്‍ക്കാരിനുള്ള വിലയിരുത്തല്‍ കൂടിയായി മാറും ഉപതെരഞ്ഞെടുപ്പ് ഫലമെന്നതാണ്. ഈ സര്‍ക്കാര്‍ വന്ന ശേഷം നടന്ന വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പിലും മലപ്പുറം ലോകസഭാ ഉപതെരഞ്ഞെടുപ്പിലും എല്‍ഡിഎഫിന് പച്ച തൊടാന്‍ കഴിഞ്ഞില്ല. പക്ഷേ അത് ലീഗ് കോട്ടയായതിനാല്‍ സര്‍ക്കാരിനെ കാര്യമായി ബാധിച്ചില്ല. പക്ഷേ സിറ്റിങ് സീറ്റ് കൈവിട്ടാല്‍ കാര്യങ്ങള്‍ അങ്ങനയല്ലെന്ന് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും അറിയാം. അതുകൊണ്ട് തന്നെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു എല്‍ഡിഎഫ് പ്രചാരണം.
മറുപക്ഷത്ത് പ്രതിപക്ഷത്തിനും നിര്‍ണായകമാണ് തെരഞ്ഞെടുപ്പ് ഫലം. കൈവിട്ട കുത്തക മണ്ഡലം തിരിച്ചു പിടിക്കണം. ഒപ്പം ഫലം എതിരായാല്‍ കോണ്‍ഗ്രസില്‍ സൃഷ്ടിക്കുന്ന അലയൊലികള്‍ ചെറുതാവില്ല. അതിനാല്‍ രാഷ്ട്രീയ കേരളം ചെങ്ങന്നൂര്‍ ജനതയുടെ വിധി എഴുത്തിന് കണ്ണും കാതും കൂര്‍പ്പിച്ചിരിക്കുകയാണ്.