റമദാനെ വരവേല്‍ക്കാനൊരുങ്ങി വിശ്വാസികള്‍
ഇന്ന് സൂര്യാസ്തമയത്തിനു ശേഷം ചന്ദ്രോദയം കണ്ടാല്‍ കേരളത്തില്‍ നാളെ റമദാന്‍ വ്രതം ആരംഭിക്കും.
വിശുദ്ധ റമദാനെ വരവേല്‍ക്കാന്‍ ലോകമെമ്പാടുമുള്ള വിശ്വാസികള്‍ ഒരുങ്ങിക്കഴിഞ്ഞു. ഇന്ന് സൂര്യാസ്തമയത്തിനു ശേഷം ചന്ദ്രോദയം കണ്ടാല്‍ കേരളത്തില്‍ നാളെ റമദാന്‍ വ്രതം ആരംഭിക്കും.
പുണ്യമാസത്തെ വരവേല്‍ക്കാന്‍ ആഴ്ചകള്‍ക്കു മുമ്പേ വിശ്വാസികള്‍ ഒരുക്കങ്ങള്‍ തുടങ്ങിയതാണ്. മസ്ജിദുകള്‍ പുതിയ പെയിന്റടിച്ചും മറ്റു നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയും വിശ്വാസികളെ സ്വീകരിക്കാന്‍ തയ്യാറായി. നമസ്കാരത്തിനായി പുതിയ കാര്‍പറ്റുകള്‍ മിക്ക മസ്ജിദുകളിലും ഒരുക്കിയിട്ടുണ്ട്. വീടുകളും റമദാനെ സ്വീകരിക്കാന്‍ സജ്ജമായി. ശുദ്ധീകരണ പ്രവൃത്തികള്‍ക്കൊപ്പം നോമ്പുതുറക്കും അത്താഴത്തിനുമുള്ള ഭക്ഷണ സാമഗ്രികള്‍ വീടുകളില്‍ ഒരുക്കിവെച്ചിട്ടുണ്ട്. മിക്ക മസ്ജിദുകളിലും ഇഫ്താറിനുള്ള സൌകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ചില മസ്ജിദുകളില്‍ റമദാനിലെ നിസ്കാരത്തിന് നേതൃത്വം നല്‍കാന്‍ പ്രത്യേക ഇമാമുമാരെ നിശ്ചയിച്ചിട്ടുണ്ട്. ഇന്ന് മാസം കണ്ടാല്‍ ഇന്നു രാത്രി തന്നെ തറാവീഹ് നിസ്കാരം ആരംഭിക്കും. മാസം കണ്ടില്ലെങ്കില്‍ കേരളത്തില്‍ ചൊവ്വാഴ്ചയാണ് വ്രതം ആരംഭിക്കുക.