ലോട്ടറി വരുമാനം ആരോഗ്യമേഖലയ്‌ക്കെന്ന് ധനകാര്യ മന്ത്രി
30,000 രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് രണ്ട് ലക്ഷം രൂപയാക്കി ഉയര്‍ത്തുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും തോമസ് ഐസക്...
ലോട്ടറിയില്‍ നിന്നുള്ള വരുമാനം പൂര്‍ണമായി ആരോഗ്യ മേഖലയ്ക്കായി വിനിയോഗിക്കുമെന്ന് ധനകാര്യ മന്ത്രി ഡോ. ടി എം തോമസ് ഐസക്. 30,000 രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് രണ്ട് ലക്ഷം രൂപയാക്കി ഉയര്‍ത്തുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും തോമസ് ഐസക്. ഭിന്നശേഷിക്കാരായ ലോട്ടറി തൊഴിലാളികള്‍ക്കുള്ള മുച്ചക്ര സ്‌കൂട്ടറുകളുടെ സംസ്ഥാനതല വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡിന്റെ സ്‌കൂട്ടര്‍ വിതരണം ഉദ്ഘാടനം ചെയ്യവെയാണ് ലോട്ടറി വരുമാനം പൂര്‍ണമായി ആരോഗ്യമേഖലയില്‍ ചെലവഴിക്കുമെന്ന് ധനകാര്യ മന്ത്രി പ്രഖ്യാപിച്ചത്. ലോട്ടറി മാഫിയയെ കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. ജൂലൈ മുതല്‍ സംസ്ഥാന ലോട്ടറിയുടെ സമ്മാനഘടന പരിഷ്‌കരിച്ച് 5000 രൂപ സമ്മാനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കും. ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് നല്‍കുന്ന 178 മുച്ചക്രവാഹനങ്ങളില്‍ 50 എണ്ണത്തിന്റെ വിതരണം ആലപ്പുഴയില്‍ മന്ത്രി നിര്‍വഹിച്ചു. തൊഴിലാളികള്‍ക്ക് വാഹനത്തോടൊപ്പം ലോട്ടറി വയ്ക്കുന്നതിനുള്ള ബോര്‍ഡ് ഹെല്‍മെറ്റ്, കുട എന്നിവയും നല്‍കി.