വരാപ്പുഴ വിഷയത്തില്‍ അടിയന്തര പ്രമേയ നോട്ടീസ് അനുവദിക്കാത്തതിന് പിന്നില്‍ മുഖ്യമന്ത്രിയെന്ന് ആരോപണം
നോട്ടീസ് സ്പീക്കര്‍ക്ക് നല്‍കിയപ്പോള്‍ തടസമൊന്നും പറഞ്ഞില്ലെന്നും പിന്നീട് മുഖ്യമന്ത്രി ഇടപെട്ടാണ് അനുമതി തടഞ്ഞതെന്നും വി.ഡി സതീശന്‍ എം എല്‍ എ ആരോപിച്ചു
വരാപ്പുഴ വിഷയത്തിലെ അടിയന്തര പ്രമേയ നോട്ടീസ് അനുവദിക്കാത്തതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ഇടപെടലെന്ന് ആരോപണം. നോട്ടീസ് സ്പീക്കര്‍ക്ക് നല്‍കിയപ്പോള്‍ തടസമൊന്നും പറഞ്ഞില്ലെന്നും പിന്നീട് മുഖ്യമന്ത്രി ഇടപെട്ടാണ് അനുമതി തടഞ്ഞതെന്നും വി.ഡി സതീശന്‍ എം എല്‍ എ ആരോപിച്ചു.
കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയങ്ങള്‍ സഭയില്‍ ചര്‍ച്ചക്ക് വരാറാണ് പതിവ്. കോടതിയിലിരിക്കുന്ന കേസിന്റെ മെരിറ്റിലേക്ക് കടക്കരുതെന്ന മുന്നറിയിപ്പോടെ അടിയന്തര പ്രമേയ നോട്ടീസ് അനുവദിക്കാറാണ് പതിവ്. ഇതില്‍ നിന്നും വ്യത്യസ്തമായി സ്പീക്കര്‍ ഇന്ന് നിലപാടെടുത്തതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടായെന്ന വിമര്‍ശമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. അടിയന്തര പ്രമേയ നോട്ടീസ് നല്‍കാനായി സ്പീക്കറെ കണ്ടപ്പോള്‍ തടസവാദമൊന്നും ഉന്നയിച്ചില്ലെന്ന് സതീശന്‍ പറയുന്നു. പിന്നീട് 9.15 ഓടെ ആണത്രേ നോട്ടീസ് അനുവദിക്കാനാവില്ലെന്ന കുറിപ്പ് ലഭിക്കുന്നത്. മുഖ്യമന്ത്രിയുടെ ഇടപെടല്‍ നാളെ സഭയില്‍ ഉയര്‍ത്തിക്കൊണ്ടുവരാനാണ് പ്രതിപക്ഷ നീക്കം.