ബസ് കണ്ടക്ടര്‍ക്ക് പിന്നാലെ സ്റ്റേഷന്‍ മാസ്റ്ററുടെ വേഷത്തില്‍ തച്ചങ്കരി
തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനിലാണ് തച്ചങ്കരി സ്റ്റേഷന്‍ മാസ്റ്ററായത്
ബസ് കണ്ടക്ടര്‍ക്ക് പിന്നാലെ സ്റ്റേഷന്‍ മാസ്റ്ററുടെ വേഷത്തില്‍ കെഎസ്ആര്‍ടിസി സിഎംഡി ടോമിന്‍ ജെ തച്ചങ്കരി. തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനിലാണ് തച്ചങ്കരി സ്റ്റേഷന്‍ മാസ്റ്ററായത്. ജീവനക്കാരുടെ അനുഭവങ്ങള്‍ നേരിട്ട് കണ്ട് മനസിലാക്കുകയാണ് ലക്ഷ്യമെന്ന് തച്ചങ്കരി പറഞ്ഞു.
തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനില്‍ പതിവുപോലെ രാവിലെ ജോലിക്കെത്തിയ ജീവനക്കാര്‍ ഞെട്ടി. സ്റ്റേഷന്‍ മാസ്റ്ററുടെ കസേരയിലിരുന്ന ആളെ കണ്ടായിരുന്നു ആ ഞെട്ടല്‍. കെഎസ്ആര്‍ടിസി സിഎംഡി ടോമിന്‍ ജെ തച്ചങ്കരി. രാവിലെ 8 മണിക്ക് തന്നെ സ്റ്റേഷന്‍ മാസ്റ്ററായി തച്ചങ്കരി ജോലി തുടങ്ങി. ജീവനക്കാരോട് നേരിട്ട് വിവരങ്ങള്‍ ആരാഞ്ഞു. ബസ് സ്റ്റേഷനിലെ ജോലികള്‍ ചോദിച്ച് മനസിലാക്കി. വേഷങ്ങളെല്ലാം കെഎസ്ആര്‍ടിസിയുടെ ഉയര്‍ച്ചക്ക് വേണ്ടിയെന്ന് തച്ചങ്കരി.
തൊഴിലാളി ദിനത്തില്‍ കെഎസ്ആര്‍ടിസി ബസില്‍ കണ്ടക്ടറുടെ വേഷവും തച്ചങ്കരി അണിഞ്ഞിരുന്നു. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ഫാസ്റ്റ്പാസഞ്ചറില്‍ തിരുവല്ല വരെ കെഎസ്ആര്‍ടിസി എംഡി കണ്ടക്ടറുടെ ജോലി ചെയ്തിരുന്നു.