പറവൂരിൽ ക്ഷേത്രത്തിൽ വൻ മോഷണം; തിരുവാഭരണം മോഷണം പോയി
35 പവനോളം വരുന്ന തിരുവാഭരണവും 65,000 രൂപയും കവര്‍ന്നു
എറണാകുളം വടക്കൻ പറവൂർ തൃക്കപുരം ദേവീക്ഷേത്രത്തിൽ വൻ മോഷണം. 35 പവനോളം വരുന്ന തിരുവാഭരണവും 65,000 രൂപയും കവര്‍ന്നു. സമീപത്തെ മറ്റൊരു ക്ഷേത്രത്തിന്റെ ഭണ്ഡാരവും മോഷ്ടിക്കപ്പെട്ടു.
ക്ഷേത്രത്തിന്റെ ഓഫീസിൽ സൂക്ഷിച്ചിരുന്ന തിരുവാഭരണമാണ് മോഷണം പോയത്. മോഷ്ടാക്കൾ വാതിൽ കുത്തിത്തുറന്ന് അകത്ത് കയറുകയായിരുന്നു. ഓഫീസിലുണ്ടായിരുന്ന 650O0 രൂപയും കവർന്നു.
ക്ഷേത്രത്തിനകത്തെ രണ്ട് ഭണ്ഡാരങ്ങളും കുത്തിത്തുറന്നിട്ടുണ്ട്. ഓട് പൊളിച്ചാണ് മോഷ്ടാക്കൾ ക്ഷേത്രത്തിനകത്ത് കടന്നത്. മോഷ്ടാക്കൾ വന്നതെന്ന് കരുതുന്ന ട്രാവലറിന്റെ ദ്യശ്യങ്ങൾ ക്ഷേത്രത്തിന്റെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഇതനുസരിച്ച് മോഷണം നടന്നത് പുലർച്ചെ ഒന്നരക്ക് ശേഷമായിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം. പൊലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി.
അതേസമയം സമീപത്തെ ശ്രീനാരായണ ക്ഷേത്രത്തിലും മോഷ്ടാക്കൾ വാതില്‍ പൊളിച്ച് കയറി. ഇവിടെ നിന്നും ഭണ്ഡാരങ്ങൾ കാണാതായതായി ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു. രണ്ട് സംഭവങ്ങളിലും വടക്കൻ പറവൂർ പൊലീസ് അന്വേഷണം തുടങ്ങി.