യുവാക്കളുടെ ആത്മഹത്യാ ഭീഷണി; ക്വാറിയുടെ പ്രവര്‍ത്തനം കളക്ടര്‍ നിര്‍ത്തിവെപ്പിച്ചു

സ്റ്റോപ്പ് മെമ്മോ അവഗണിച്ചും ക്വാറി പ്രവര്‍ത്തിച്ചതോടെ നാട്ടുകാരായ ഷിനോജും ഹുദൈഫും സമരത്തിനിറങ്ങുകയായിരുന്നു.

Update: 2018-06-18 16:36 GMT
Advertising

രണ്ട് യുവാക്കളുടെ ആത്മഹത്യാ ഭീഷണിയെ തുടര്‍ന്ന് മലപ്പുറം എടവണ്ണയിലെ ക്വാറിയുടെ പ്രവര്‍ത്തനം ജില്ലാ കളക്ടര്‍ നിര്‍ത്തിവെപ്പിച്ചു. കഴിഞ്ഞ ദിവസം ഉരുള്‍ പൊട്ടലുണ്ടായ പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ക്വാറിക്ക് വില്ലേജ് ഓഫീസര്‍ സ്റ്റോപ് മെമ്മോ നല്‍കിയിരുന്നു.

Full View

സ്റ്റോപ് മെമ്മോ അവഗണിച്ചും ക്വാറി പ്രവര്‍ത്തിച്ചതിനെ തുടര്‍ന്നാണ് യുവാക്കള്‍ സമരവുമായി എത്തിയത്. എടവണ്ണ പടിഞ്ഞാറേ ചാത്തല്ലൂരിലെ ഈ ക്വാറിക്ക് സമീപം കഴിഞ്ഞ ദിവസം ഉരുള്‍ പൊട്ടിയിരുന്നു. മൂന്നു കുടുംബങ്ങളെ പ്രദേശത്ത് നിന്ന് മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു.

സ്ഥലത്തെത്തിയ വില്ലേജ് ഓഫീസര്‍ പ്രദേശത്തെ ക്വാറിക്ക് സ്റ്റോപ്പ് മെമ്മോ നല്‍കി. സ്റ്റോപ്പ് മെമ്മോ അവഗണിച്ചും ക്വാറി പ്രവര്‍ത്തിച്ചതോടെ നാട്ടുകാരായ ഷിനോജും ഹുദൈഫും സമരത്തിനിറങ്ങുകയായിരുന്നു. രാവിലെ പത്ത് മണിയോടെ ക്വാറിക്ക് മുകളില്‍ കയറിയ ഇരുവരും ആത്മത്യാ ഭീഷണി മുഴക്കി.

പോലീസും ഫയര്‍ഫോഴ്സും എത്തി യുവാക്കളെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ ജില്ലാ കളക്ടറുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് സമരം അവസാനിപ്പിക്കാന്‍ യുവാക്കള്‍ തയ്യാറായത്. കളക്ടര്‍ എത്തി പരിശോധന നടത്തിയ ശേഷം മാത്രമേ ക്വാറി പ്രവര്‍ത്തനം പുനരാരംഭിക്കൂവെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്.

ആത്മഹത്യാഭീഷണി മുഴക്കിയതിന് ഷിനോജിനെയും ഹുദൈഫിനെയും വണ്ടൂര്‍ പോലീസ് പിന്നീട് കസ്റ്റഡിയില്‍ എടുത്തു. ഏറനാട് തഹസില്‍ദാര്‍ പി.സുരേഷ്, വണ്ടൂര്‍ സിഐ ബാബുരാജ് എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു.

Tags:    

Similar News