മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്കില്‍ വധഭീഷണി മുഴക്കിയ പ്രവാസി വിമാനത്താവളത്തില്‍ അറസ്റ്റില്‍
ദുബൈയില്‍ നിന്ന് ഫേസ്ബുക്ക് ലൈവില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്നും കുടുംബാംഗങ്ങളെ ബലാല്‍സംഗം ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയ കൃഷ്ണകുമാരന്‍ നായര്‍ക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തിരുന്നു...
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫേസ്‍ബുക്കില്‍ വധഭീഷണി മുഴക്കിയ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ കൃഷ്ണകുമാരന്‍ നായരെ ഡല്‍ഹി വിമാനത്താവളത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തു. കേരള പൊലീസിന് കൈമാറിയ ഇയാളെ കൊച്ചിയിലെത്തിക്കും. അബൂദാബിയില്‍ നിന്ന് മടങ്ങും വഴിയാണ് ഇയാള്‍ പിടിയിലായത്.
ദുബൈയില്‍ നിന്ന് ഫേസ്‍ബുക്ക് ലൈവിലെത്തി മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്നും കുടുംബാംഗങ്ങളെ ബലാത്സംഗം ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയ കൃഷ്ണകുമാരന്‍ നായര്‍ക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തിരുന്നു. ആര്‍ എസ് എസ് പ്രവര്‍ത്തകനാണെന്ന് അവകാശപ്പെട്ടായിരുന്നു വധഭീഷണി.
പിന്നീട് വീഡിയോ പിന്‍വലിച്ച് മാപ്പ് പറഞ്ഞെങ്കിലും പോസ്റ്റ് വിവാദമായതിനെ തുടര്‍ന്ന് ഇയാളെ അബൂദബി ആസ്ഥാനമായ കമ്പനി ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ഉടന്‍ കേരളത്തിലേക്ക് അയക്കുന്നത് ഇയാളുടെ ജീവന് ഭീഷണിയാകുമെന്ന് ഭയന്ന കമ്പനി മടക്കയാത്ര വൈകിക്കുകയായിരുന്നു.
ആരും പരാതി നല്‍കാത്തതിനാല്‍ യു എ ഇയില്‍ ഇയാള്‍ക്കെതിരെ നിയമനടപടിയുണ്ടായില്ല. സാമൂഹികപ്രവര്‍ത്തകരുടെ കൂടി സഹകരണത്തോടെയാണ് ഇന്നലെ ഇയാളെ ഡല്‍ഹിയിലേക്ക് വിട്ടത്. ഡല്‍ഹി പൊലീസ് കൃഷ്ണകുമാര്‍ നായരെ കേരളാപൊലീസിന് കൈമാറി. പ്രതിയെ ട്രെയിന്‍മാര്‍ഗം എറണാകുളത്ത് എത്തിക്കും.