ജസ്ന കേസ് നിര്‍ണായക വഴിത്തിരിവിലെന്ന് സൂചന
ജസ്നയുടെ ആണ്‍സുഹൃത്തിനെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതായി പത്തനംതിട്ട എസ്.പി സ്ഥിരീകരിച്ചു.
പത്തനംതിട്ടയില്‍ നിന്ന് കാണാതായ ജസ്നയെക്കുറിച്ചുള്ള അന്വേഷണം നിര്‍ണായക വഴിത്തിരിവിലെന്ന് സൂചന. ജസ്നയുടെ ആണ്‍സുഹൃത്തിനെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതായി പത്തനംതിട്ട എസ്.പി സ്ഥിരീകരിച്ചു. അതേസമയം കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ജസ്നയുടെ സഹോദരന്‍ ഹൈക്കോടതിയെ സമീപിച്ചു.
കഴിഞ്ഞ മാര്‍ച്ച് 22നാണ് ജസ്നയെ മുക്കൂട്ട് തറയില്‍ നിന്ന് കാണാതായത്. ജസ്ന അവസാനമായി ആണ്‍ സുഹൃത്തിന്റെ ഫോണിലേക്ക് സന്ദേശം അയച്ചിരുന്നു. ഇത് കൂടാതെ ആയിരത്തില്‍പരം തവണ ഇരുവരും ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ പല ഘട്ടത്തിലും പരസ്പര വിരുദ്ധമായ മൊഴികളാണ് ഇയാള്‍ നല്‍കിയത്. ആയതിനാല്‍ തന്നെ നുണ പരിശോധനയടക്കമുള്ള നടപടികളിലേക്ക് അന്വേഷണ സംഘം കടന്നേക്കും.
അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ ജസ്നയുടെ വീട്ടില്‍ നിന്ന് രക്തം പുരണ്ട വസ്ത്രം ലഭിച്ചിരുന്നു. ഇതിന് തിരോധാനവുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടോ എന്ന് സ്ഥിരീകരണമായിട്ടില്ല. എന്നാല്‍ ലോക്കല്‍ പൊലീസ് അന്വേഷിച്ചാല്‍ കേസില്‍ ഫലമുണ്ടാവില്ലെന്നും സി.ബി.ഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ജസ്നയുടെ സഹോദരന്‍ ജയിസും കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് അഭിജിത്തും ഹൈക്കോതിയെ സമീപിച്ചു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പത്തനംതിട്ട ഡി.സി.സിയുടെ നേതൃത്വത്തില്‍ നിയമസഭയിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.