എന്‍ഡോസള്‍ഫാന്‍ ബാധിതനായ വിദ്യാര്‍ഥിയുടെ മരണം; ആശുപത്രി അധികൃതരുടെ അനാസ്ഥയെന്ന് ആരോപണം
കാസര്‍കോഡ് പെരിയ മഹാത്മ ബഡ്സ് സ്കൂളിലെ വിദ്യാര്‍ഥിയായ അന്‍വാസാണ് മരണപ്പെട്ടത്
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ വിദ്യാര്‍ഥിയുടെ മരണത്തിന് കാരണം ജില്ലാ ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്ന് ആരോപിച്ച് ഡിഎംഒ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. കാസര്‍കോട് പെരിയ മഹാത്മ ബഡ്സ് സ്കൂളിലെ വിദ്യാര്‍ഥിയായ അന്‍വാസിന്റെ മരണം ആശുപത്രി അധികൃതരുടെ അനാസ്ഥകാരണമാണെന്നാണ് ആരോപണം.
കടുത്ത വയറുവേദനയും ചര്‍ദ്ധിയും അനുഭവപ്പെട്ട അന്‍വാസിനെ 15ന് രാവിലെയാണ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്‍വാസിന്റെ രക്ത പരിശോധന റിപ്പോര്‍ട്ട് കിട്ടാന്‍ വൈകുന്നേരം വരെ കാത്തു നില്‍ക്കേണ്ടിവന്നു. ഇതിന് ശേഷമാണ് ഡോക്ടര്‍മാര്‍ വിദഗ്ധ ചികിത്സയ്ക്ക് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍ പരിയാരം മെഡിക്കല്‍ കോളേജിലെത്തുന്പോഴേക്കും അന്‍വാസ് മരിച്ചിരുന്നു.
അപ്പന്റിക്സ് പൊട്ടിയതാണ് മരണകാരണമെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. മതിയായ ചികിത്സ നല്‍കുന്നതിലുണ്ടായ കാലതാമസമാണ് മരണകാരണമെന്നാണ് ആരോപണം. രാവിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അന്‍വാസിന് അപ്പന്റിക്സാണെന്ന് തിരിച്ചറിയാനുള്ള ഒരു പരിശോധനയും നടന്നില്ല.
അന്‍വാസിന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ഡി എം ഒ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് സാമൂഹ്യ പ്രവര്‍ത്തക ദയാഭായ് ഉദ്ഘാടനം ചെയ്തു.