കേരളത്തിന്റെ പ്രശ്നങ്ങളറിയാന്‍ മോദിക്ക് താത്‍പര്യമില്ല: സര്‍വകക്ഷി സംഘത്തിന് വീണ്ടും അനുമതി നിഷേധിച്ചു
അനുമതി നിഷേധിക്കുന്നത് തുടര്‍ച്ചയായ നാലാം തവണ. നോട്ടുനിരോധം, വരള്‍ച്ച, റേഷന്‍ വിഷയം തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ച് കേരളം നേരത്തെയും മൂന്ന് തവണ അനുമതി തേടിയിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെട്ട സര്‍വകക്ഷി സംഘത്തെ കാണാന്‍ പ്രധാനമന്ത്രി വീണ്ടും അനുമതി നിഷേധിച്ചു. സംസ്ഥാനത്തെ റേഷന്‍ വിതരണത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കാനായിരുന്നു സര്‍വകക്ഷി സംഘം അനുമതി തേടിയത്.
കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി സംഘത്തിന് അടുത്ത മൂന്ന് ദിവസങ്ങളില്‍ സൌകര്യപ്രദമായ സമയം അനുവദിക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അഭ്യര്‍ത്ഥന. എന്നാല്‍ പ്രധാനമന്ത്രിയെ കാണാന്‍ അനുമതി ഇല്ലെന്നും കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാനെ കാണാനുമാണ് പിഎംഒ മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചത്.
തുടര്‍ച്ചയായി ഇത് നാലാം തവണയാണ് കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി സംഘത്തെ കാണാന്‍ പ്രധാനമന്ത്രി വിസമ്മതിക്കുന്നത്. നോട്ടുനിരോധം, വരള്‍ച്ച, റേഷന്‍ വിഷയം തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ച് സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയെ കാണാന്‍ നേരത്തെ മൂന്ന് തവണ അനുമതി തേടിയിരുന്നു. എന്നാല്‍ മൂന്ന് തവണയും അനുമതി നിഷേധിച്ചു.
ഈ സാഹചര്യത്തിൽ സർവകക്ഷി സംഘമില്ലാതെ മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച രാത്രി തന്നെ ഡൽഹിയിലെത്തി. മൂന്നു ദിവസങ്ങളായി നടക്കുന്ന സിപിഎം കേന്ദ്രകമ്മിറ്റി, പോളിറ്റ്ബ്യൂറോ യോഗങ്ങളിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രിയും ധനമന്ത്രി ഡോ.തോമസ് ഐസക് ഉൾപ്പെടെയുള്ള മന്ത്രിസംഘവും എത്തിയത്. 17ന് നീതി ആയോഗ് യോഗത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി ഡൽഹിയിൽ എത്തിയപ്പോഴും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് അനുമതി തേടിയിരുന്നുെവങ്കിലും കിട്ടിയില്ല.
ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കിയപ്പോൾ ആനുപാതികമായി നോക്കിയാൽ കേരളത്തിനാണ് ഏറ്റവും കുറവ് റേഷൻ വിഹിതം കിട്ടിയത്. 14.25 ലക്ഷം ടൺ അരിയാണ് കേരളത്തിൻറെ ഭക്ഷ്യവിഹിതം. ഇത്തരത്തില്‍ സംസ്ഥാനം റേഷന്‍ വിഹിതത്തിന്‍റെ കാര്യത്തില്‍ വലിയ പ്രതിസന്ധി നേരിടുന്ന സമയത്താണ് പ്രധാനമന്ത്രിയെ കാണാന്‍ കേരളം വീണ്ടും അനുമതി തേടിയത്. ഭക്ഷ്യസുരക്ഷ നിയമം നടപ്പാക്കുന്നതിന് കേരളത്തിന്റെ റേഷന്‍ വിഹിതം വർധിപ്പിക്കണമെന്ന് അഭ്യര്‍ഥിക്കുകയായിരുന്നു കൂടിക്കാഴ്ചയുടെ ലക്ഷ്യം. നിയമസഭയിൽ പ്രാതിനിധ്യമുള്ള എല്ലാ പാർട്ടികളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി 14 അംഗ സംഘത്തെ അയക്കുന്നതിനാണ് കേരളം തീരുമാനിച്ചിരുന്നത്. രണ്ടുലക്ഷംടൺ കൂടി കിട്ടണമെന്നാണ് ആവശ്യം.
നോട്ട് നിരോധനത്തെ തുടർന്ന് സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ നേരിട്ട പ്രതിസന്ധി പരിഹരിക്കുന്നതിന് പ്രധാനമന്ത്രിയെ കാണാൻ അനുമതി ചോദിച്ചപ്പോഴും കിട്ടിയിരുന്നില്ല. കേന്ദ്ര ധനമന്ത്രിയെ കാണാനായിരുന്നു അന്നത്തെ മറുപടി. 2017ൽ വരൾച്ച സഹായം തേടി സർവകക്ഷി സംഘത്തെ അയക്കാൻ നിശ്ചയിച്ചപ്പോഴും പ്രധാനമന്ത്രി അനുമതി നിഷേധിച്ചു. ആഭ്യന്തര മന്ത്രിയെ കാണണമെന്നായിരുന്നു അന്നത്തെ നിർദേശം.
പ്രധാനമന്ത്രി ഇത്തരത്തിൽ തുടർച്ചയായി കേരളത്തിൻെറ പൊതുവികാരം അവഗണിച്ചത് വ്യാപക പ്രതിഷേധം ഉയർത്തിയിരുന്നു. സംസ്ഥാനത്തെ കേന്ദ്രസര്‍ക്കാര്‍ പൂര്‍ണമായും അവഗണിക്കുന്നുവെന്ന് ആരോപിച്ച് ബിജെപിക്കെതിരെ വലിയ പ്രക്ഷോഭം നടത്താനാണ് സിപിഎം ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ആലോചിക്കുന്നത്.