മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ഇനിയും നടപടിയായില്ല; വിദേശ വനിത കൊല്ലപ്പെട്ട സംഭവത്തില്‍ ഹെെകോടതിയെ സമീപിച്ച് ബന്ധുക്കള്‍

സത്യം കണ്ടുപിടിക്കുന്നതിനെക്കാള്‍ അന്വേഷണം അവസാനിപ്പിക്കാനാണ് അന്വേഷണ സംഘത്തിന് താല്‍പര്യമെന്ന് ആന്‍ഡ്രൂ. അന്താരാഷ്ട്ര കോടതിയെയും വിദേശകാര്യ മന്ത്രാലയത്തെയും സമീപിക്കും

Update: 2018-06-23 08:12 GMT
Advertising

തിരുവനന്തപുരം വാഴമുട്ടത്ത് വിദേശ വനിത കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രിക്ക് സി.ബി. ഐ അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നെന്നും ഒരു പ്രതികരണവും ഇല്ലാത്തതിനാലാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും ഭര്‍ത്താവ് ആന്‍ഡ്രൂ ജോര്‍ദന്‍. പൊലീസ് അന്വേഷണത്തില്‍ ഒട്ടും തൃപ്തിയില്ല. സത്യം കണ്ടുപിടിക്കുന്നതിനെക്കാള്‍ അന്വേഷണം അവസാനിപ്പിക്കാനാണ് അന്വേഷണ സംഘത്തിന് താല്‍പര്യം. പ്രധാന തെളിവുകളൊന്നും പൊലീസ് പരിശോധിക്കുന്നില്ലെന്നും ആന്‍ഡ്രൂ കുറ്റപ്പെടുത്തി.

വിദേശ വനിത കൊല്ലപ്പെട്ട കേസില്‍ പൊലീസ് പറയുന്ന കാര്യങ്ങള്‍ വിശ്വസിക്കുന്നില്ലെന്ന് ഭര്‍ത്താവ് പറഞ്ഞു. കാണാതായ അന്ന് തന്നെ കൊല്ലപ്പെട്ടു എന്നതും വിശ്വസീനയമല്ല. രണ്ടാഴ്ചയെങ്കിലും വിദേശ വനിതയെ ആരോ കസ്റ്റഡിയില്‍ വച്ചിരുന്നു. അറസ്റ്റിലായവരുടെ മൊഴികളും വിശ്വസനീയമല്ലെന്നും ഭര്‍ത്താവ് പറഞ്ഞു. ഇത് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. എന്നാല്‍ പ്രതികരണമൊന്നും ഉണ്ടായില്ല. അതിനാലാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും അദ്ദേഹം പറഞ്ഞു.

പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ ഉടന്‍ മൃതദേഹം സംസ്‌കരിച്ചതും സംശയകരമാണ്. ഡി.വൈ.എസ്.പിയും ഐ.ജിയും സംസ്‌കാരത്തിന് നേരിട്ട് എത്തിയതും സംശയാസ്പദമാണ്. അവര്‍ക്ക് എത്രയും പെട്ടെന്ന് മൃതശരീരം നശിപ്പിക്കാനുള്ള ശ്രമമായിരുന്നു. അന്താരാഷ്ട്ര കോടതിയെയും വിദേശകാര്യ മന്ത്രാലയത്തെയും സമീപിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. രാജ്യം വിട്ടില്ലെങ്കില്‍ ജയിലില്‍ അടയ്ക്കുമെന്ന ഭീഷണി ഭയന്നാണ് ആദ്യം നാട്ടിലേക്ക് തിരിച്ചുപോയതെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    

Similar News