ജസ്നയെക്കുറിച്ചുള്ള അന്വേഷണം വഴിമുട്ടുന്നു; കുടുംബാംഗങ്ങളുടെ പങ്ക് അന്വേഷിക്കണമെന്ന ആവശ്യം ശക്തം
ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അന്വേഷണം നടക്കുന്നതെങ്കിലും കൃത്യമായ സൂചനകൾ ലഭിക്കും വിധം യാതൊരു തെളിവുകളും അന്വേഷണ സംഘത്തിന് ശേഖരിക്കാന്‍ സാധിച്ചിട്ടില്ല.
പത്തനംതിട്ട വെച്ചൂച്ചിറയിൽ നിന്ന് കാണാതായ ജസ്നയെക്കുറിച്ചുള്ള അന്വേഷണം വഴിമുട്ടുന്നു. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അന്വേഷണം നടക്കുന്നതെങ്കിലും കൃത്യമായ സൂചനകൾ ലഭിക്കും വിധം യാതൊരു തെളിവുകളും അന്വേഷണ സംഘത്തിന് ശേഖരിക്കാന്‍ സാധിച്ചിട്ടില്ല. സംഭവത്തിൽ കുടുംബാംഗങ്ങളുടെ പങ്ക് അന്വേഷിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്
ജസ്നയുടെ ഫോൺ രേഖകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പുരോഗമിക്കുന്നത്. ഒരു ലക്ഷത്തിൽ പരം ഫോൺ കോളുകൾ സൈബർ വിദഗ്ദർ പരിശോധിക്കുകയാണ്. വിവര ശേഖരണ പെട്ടികളിൽ നിന്ന് ലഭിക്കുന്ന സൂചനകൾ പ്രകാരം നടന്ന അന്വേഷണത്തിലും തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അതേ സമയം ജസ്നയുടെ കുടുംബാംഗങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമാവുകയാണ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെയും ഡിജിപിയെയും സന്ദർശിച്ച ആക്ഷൻ കൗൺസിൽ ഭാരവാഹികൾ ഇതേ ആവശ്യമാണ് ഉന്നയിച്ചത്.
ഐ ജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. കേസിൽ രണ്ടാഴ്ചക്കകം നടപടി ഉണ്ടാകുമെന്നാണ് ഡിജിപി ആക്ഷൻ കൗൺസിൽ ഭാരവാഹികൾക്ക് നൽകിയ ഉറപ്പ്. ഇതര സംസ്ഥാനങ്ങളിലെ പൊലീസുമായി സഹകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്. എന്നാൽ സംഭവം നടന്ന് 93 ദിവസങ്ങൾ പിന്നിടുമ്പോഴും കൃത്യമായ ഒരു വിശദീകരണം നൽകാൻ പോലും അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല.