ഗണേഷ്കുമാര്‍ എം.എല്‍.എ യുവാവിനെ മർദിച്ച കേസ് ഒത്തുതീർപ്പായി
സമ്മർദ്ദമുണ്ടെന്നും മകന്റെ ഭാവിയെക്കരുതി കേസ് അവസാനിപ്പിക്കാൻ തയാറാണെന്നും അനന്തകൃഷ്ണന്റെ അമ്മ ഷീന പറഞ്ഞിരുന്നു.
കെ.ബി. ഗണേഷ്കുമാര്‍ എം.എല്‍.എ യുവാവിനെ മർദിച്ച കേസ് ഒത്തുതീർപ്പായി. എൻ.എസ്.എസ് താലൂക്ക് യൂണിയൻ നേതൃത്വം മർദനമേറ്റ അനന്തകൃഷ്ണനോടും കുടുംബത്തോടും കേസ് ഒത്തുതീർപ്പാക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. സമ്മർദ്ദമുണ്ടെന്നും മകന്റെ ഭാവിയെക്കരുതി കേസ് അവസാനിപ്പിക്കാൻ തയാറാണെന്നും അനന്തകൃഷ്ണന്റെ അമ്മ ഷീനയും പറഞ്ഞിരുന്നു.
പൊലീസ് സഹായത്തോടെ കേസ് അട്ടിമറിക്കാൻ ഗണേഷ് കുമാർ ശ്രമിക്കുന്നുവെന്ന് ആദ്യം മുതൽ തന്നെ ആരോപണം ഉയർന്നിരുന്നു. പരാതിക്കാരിയുടെ രഹസ്യമൊഴി കൈയില്‍ ലഭിച്ച് ഒരു ദിവസം കഴിഞ്ഞിട്ടും പൊലീസ് നടപടികൾ സ്വീകരിച്ചില്ല. ഇതിനിടയിൽ എൻ.എസ്.എസ് നേതൃത്വത്തിന്റെ സമ്മർദ്ദം കൂടിയായതോടെയാണ് കേസ് അവസാനിപ്പിക്കാൻ അനന്തകൃഷ്ണന്റെ കുടുംബം തീരുമാനിച്ചത്. കേസ് അവസാനിപ്പിച്ചില്ലെങ്കിൽ മകന്റെ ഭാവിയെ ദോഷകരമായി ബാധിക്കുമെന്നാണ് ബന്ധുക്കളടക്കം പറയുന്നതെന്നും അതിനാൽ കേസ് ഒത്തുതീർപ്പാക്കുമെന്നും അനന്തകൃഷ്ണന്റെ മാതാവ് ഷീന പറഞ്ഞു.
കേരള കോണ്‍ഗ്രസിന്‍റെ പ്രാദേശിക നേതാക്കള്‍ നേരത്തെ അഞ്ചലിലെ വീട്ടിലെത്തി ഷീനയെ കണ്ട് ഒത്തുതീര്‍പ്പിന് ശ്രമിച്ചിരുന്നു. ഇത് പരാജയപ്പെട്ടതോടെയാണ് കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ബാലകൃഷ്ണപ്പിള്ള എൻ.എസ്.എസ് നേതൃത്വത്തെ പ്രശ്നത്തിൽ ഇടപെടുത്തിയത്. എന്‍.എസ്.എസിന്‍റെ താലൂക്ക് അംഗങ്ങളും ഗണേഷ് കുമാറിന്റെ അകന്ന ബന്ധുക്കളുമാണ് അനന്തകൃഷ്ണനും കുടുംബവും.