കല്യാണം രാവിലെ ഗുരുവായൂരിൽ, സദ്യ ഉച്ചയ്ക്ക് മൈസൂരുവിൽ;ഹെലികോപ്റ്ററില്‍ പറന്ന് വധൂവരന്‍മാര്‍

ശനിയാഴ്ച രാവിലെ പത്തരയ്ക്കായിരുന്നു ഗുരുവായൂരില്‍ വച്ച് പ്രമിതയുടെയും ഗോവിന്ദിന്റെയും വിവാഹം

Update: 2018-06-24 07:23 GMT
Advertising

താലികെട്ടും സദ്യയും രണ്ടിടത്താണെങ്കില്‍ എന്തു ചെയ്യും..അതായത് കല്യാണം ഗുരുവായൂരും സദ്യ മൈസൂരുമാണെങ്കില്‍ എന്ത് ചെയ്യുമെന്നാണ്. കാര്യം കുഴഞ്ഞതു തന്നെ അല്ലേ. ഗുരുവായൂരില്‍ ശനിയാഴ്ച നടന്ന കല്യാണവും ഇത്തരത്തില്‍ ആശയക്കുഴപ്പമുണ്ടാക്കി. താലികെട്ട് ഗുരുവായൂര്‍ അമ്പലത്തില്‍ മതിയെന്ന് വധുവിന്റെ വീട്ടുകാരും സദ്യ മൈസൂരില്‍ വേണമെന്നും വരന്റെ വീട്ടുകാരും അഭിപ്രായം പറയുകയായിരുന്നു. ഇതേതുടര്‍ന്ന് താലികെട്ട് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് നടത്തി. ശേഷം വധൂ വരന്മാരെ മൈസൂരിലെത്തിക്കാന്‍ 'ഹെലികോപ്റ്റര്‍' കൊണ്ടു വന്ന് ഒരു വലിയ പ്രശ്നത്തിന് പരിഹാരം കണ്ടു. വധു വരന്‍മാര്‍ക്കൊപ്പം അടുത്ത ബന്ധുക്കള്‍ മാത്രമാണ് താലികെട്ട് ചടങ്ങിനെത്തിയത്. ശേഷം വിവാഹ സംഘം നാല് ഹെലികോപ്റ്ററുകളിലായി മൈസൂരിലേയ്ക്ക് പറന്നു.

ശനിയാഴ്ച രാവിലെ പത്തരയ്ക്കായിരുന്നു ഗുരുവായൂരില്‍ വച്ച് പ്രമിതയുടെയും ഗോവിന്ദിന്റെയും വിവാഹം. മൈസൂരുവിലെ പ്രമുഖ കമ്പനിയുടെ ഉടമയായ കണ്ണൂര്‍ സ്വദേശിയുടെ മകളാണ് പ്രമിത. മൈസൂരില്‍ സ്ഥിരതാമസമാക്കിയ മലയാളിയാണ് ഗോവിന്ദ്. വരന്റെയും വധുവിന്റെയും കുടുംബത്തിലെ 20 പേരാണ് ഗുരുവായൂരിലെത്തിയത്. താലികെട്ടു കഴിഞ്ഞ് ശ്രീകൃഷ്ണ കോളേജ് മൈതാനത്ത് നിര്‍ത്തിയിട്ടിരുന്ന ഹെലികോപ്റ്ററുകളില്‍ കയറി. ഉച്ചയ്ക്ക് ഒരു മണിയോടെ മൈസൂരെത്തി കുശാലായി കല്യാണ സദ്യയും ഉണ്ടു.

Tags:    

Similar News