കട്ടിപ്പാറ ഉരുള്‍പൊട്ടലിന് കാരണം ജലസംഭരണി നിര്‍മാണമെന്ന് വിദഗ്ധ സംഘം
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിയ മണ്ണ് കൂട്ടിയിട്ടതിനൊപ്പം മഴയില്‍ പാറകെട്ടുകളിലുണ്ടായ സമ്മര്‍ദ്ദവും ചേര്‍ന്നതോടെ പാളികള്‍ താഴേക്ക് നീങ്ങി. ജലസംഭരണിയുടെ നിര്‍മാണവും അപകത്തിന് ആക്കം കൂട്ടി...
കട്ടിപ്പാറ കരിഞ്ചോലയില്‍ ഉരുള്‍പൊട്ടലിലേക്ക് നയിച്ചത് ജലംസഭരണിയടക്കമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണെന്ന് വിദഗ്ധ സംഘം. ചെരിഞ്ഞ പ്രദേശത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അപകടത്തിന് ആക്കം കൂട്ടി. ഭൂമിയുടെ സ്വാഭാവികതയില്‍ വരുത്തിയ എല്ലാ മാറ്റങ്ങളും അപകടകാരണമായെന്നാണ് സ്ഥലത്ത് പരിശോധന നടത്തിയ സിഡബ്ല്യുഡിആര്‍ഡിഎം സംഘത്തിന്റെ നിഗമനം.
മണ്ണിടിച്ചിലിന് സാധ്യതയുള്ളതാണ് പ്രദേശം. ഭൂവിനിയോഗത്തിലുണ്ടായ മാറ്റങ്ങളും മുകളിലേക്കുള്ള റോഡ് നിര്‍മാണവും ഒക്കെ അപകട സാധ്യത സൃഷ്ടിച്ചു. പ്രദേശത്തെ പാറകെട്ടുകള്‍ ലാക്റ്ററൈസേഷന് വിധേയമാകുന്ന സാഹചര്യത്തിലുള്ളതാണ്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിയ മണ്ണ് കൂട്ടിയിട്ടതിനൊപ്പം കനത്ത മഴയില്‍ പാറ കെട്ടുകളിലുണ്ടായ സമ്മര്‍ദ്ദവും ചേര്‍ന്നതോടെ പാളികള്‍ താഴേക്ക് നീങ്ങി. ജലസംഭരണിയുടെ നിര്‍മാണവും അപകത്തിന് ആക്കം കൂട്ടിയെന്നാണ് സിഡബ്ലുആര്‍ഡിഎമ്മിന്റെ കണ്ടെത്തല്‍
കട്ടി കുറഞ്ഞ മേല്‍മണ്ണുള്ള പ്രദേശത്തെ വൃക്ഷങ്ങളും മറ്റും പലവിധ നിര്‍മാണങ്ങള്‍ക്കായി നീക്കിയതും ശക്തമായ മണ്ണിടിച്ചിലിലേക്ക് നയിച്ചു. പ്രദേശത്ത് ഇനിയും അപകട സാധ്യതയുണ്ടോയെന്നും വിദഗ്ധ സംഘം പരിശോധിക്കുന്നുണ്ട്. രണ്ടാഴ്ചയ്ക്കുള്ള റിപോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും.