എല്ലാം എടുക്കാത്ത വായ്‍പയുടെ പേരില്‍, എന്നിട്ടും പ്രീത തെരുവിലേക്ക്

വായ്പാ തട്ടിപ്പിന് ഇരയായി ​സമരം നടത്തുന്ന പ്രീതാ ഷാജിയുടെ കിടപ്പാടം പൊലീസ് സംരക്ഷണം നല്‍കി ഏറ്റെടുക്കാമെന്ന് ഹൈക്കോടതി. മുന്‍കൂര്‍ നോട്ടീസ് നല്‍കേണ്ടതില്ലെന്നും ഉത്തരവ്

Update: 2018-06-26 05:32 GMT
Advertising

വായ്പാ തട്ടിപ്പിന് ഇരയായി സമരം നടത്തുന്ന ഇടപ്പള്ളി മാനാത്ത് കാടത്തെ പ്രീതാ ഷാജിയുടെ കിടപ്പാടം ഏറ്റെടുക്കാന്‍ പൊലീസ് സംരക്ഷണം നല്‍കി ഹൈക്കോടതി ഉത്തരവ്. ബാങ്ക് ജപ്തി ചെയ്ത ഭൂമി പിടിച്ചെടുക്കാനുള്ള ഉത്തരവ് നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്. വായ്പാക്കുടിശ്ശിക വന്നതോടെ രണ്ടരക്കോടി വിലവരുന്ന കിടപ്പാടം എച്ച്ഡിഎഫ്‍സി ബാങ്ക് 38 ലക്ഷം രൂപക്ക് ഡെബ്റ്റ് റിക്കവറി ട്രിബ്യൂണല്‍ വഴി ലേലത്തില്‍ വിറ്റിരുന്നു.

എച്ച്ഡിഎഫ്‍സി ബാങ്കിൽ നിന്ന് രണ്ടു ലക്ഷം രൂപ വായ്പയെടുക്കാന്‍ സുഹൃത്തിനായി പ്രീതാ ഷാജിയുടെ കുടുംബം 24 വര്‍ഷം മുന്‍പ് ജാമ്യം നിന്നിരുന്നു. കുടിശിക 2.7 കോടി രൂപയായതായി ചൂണ്ടിക്കാട്ടിയാണ്
ജപ്തി നടപടികളിലേക്ക് കടന്നത്. 18.5 സെൻറ് വരുന്ന കിടപ്പാടം 38 ലക്ഷം രൂപക്ക് ഡെബ്റ്റ് റിക്കവറി ട്രിബ്യൂണല്‍ വഴി ബാങ്ക് ലേലത്തില്‍ വിറ്റു. കിടപ്പാടം പിടിച്ചെടുക്കാന്‍ അഭിഭാഷക കമ്മീഷനെ ചുമതലപ്പെടുത്തിയെങ്കിലും ജനകീയ പ്രതിഷേധം തടസമായി. തുടര്‍ന്ന്
ഹരജിക്കാരൻ ഹൈക്കോടതിയെ സമീപിച്ച് പൊലീസ്
സംരക്ഷണത്തിന് ഉത്തരവ് സമ്പാദിച്ചെങ്കിലും ഏറ്റെടുക്കല്‍ വീണ്ടും തടസപ്പെട്ടു. ഇതിന് പിന്നാലെയാണ് കോടതിയലക്ഷ്യ ഹരജി നൽകിയത്.

Full View

രണ്ടാഴ്ചക്കകം പൊലീസ് സംരക്ഷണയില്‍ ഡെബ്റ്റ് റിക്കവറി ട്രബ്യൂണല്‍ വിധി നടപ്പാക്കാന്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച്
ഉത്തരവിട്ടു. മുന്‍കൂര്‍ നോട്ടീസ് നല്‍കേണ്ടതില്ലെന്നും ഉത്തരവില്‍ പറയുന്നു. രണ്ടാഴ്ചയ്ക്കകം വിധി നടപ്പാക്കാനാണ് ഉത്തരവ്.

എടുക്കാത്ത ബാങ്ക് വായ്പയുടെ പേരില്‍ 24 വര്‍ഷമായി ദുരിതപൂര്‍ണമായ ജീവിതം നയിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി പ്രീത ഷാജി നേരത്തെ ഹൈക്കോടതി ചീഫ് ജസ്റ്റീസിന് സങ്കട ഹരജി നല്‍കിയിരുന്നു. മുടക്കിയ മുതല്‍ നല്‍കാമെന്ന് ഉറപ്പുനല്‍കിയിട്ടും ചുളുവിലക്ക് ബാങ്കും റിയല്‍ ഏസ്‌റ്റേറ്റ് സംഘവും കിടപ്പാടം തട്ടിയെടുക്കുകയായിരുന്നുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പ്രശ്നത്തിന് പരിഹാരം കാണും വരെ കുടുംബത്തെ കുടിയിറക്കാതിരിക്കാന്‍ സഹായം നല്‍കുമെന്ന് നേരത്തെ സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. കുടിയിറക്ക് നീക്കത്തിനെതിരെ കഴിഞ്ഞ ഒരു വര്‍ഷത്തോളമായി വീട്ടുമുറ്റത്ത് ചിതയൊരുക്കിയുളള സമരത്തിലാണ് പ്രീതയുടെ കുടുംബം.

Tags:    

Similar News