കൊല്ലത്ത് ഫോർമലിൻ കലർന്ന മീൻ പിടിച്ചെടുത്തു

ഓപ്പറേഷൻ സാഗറിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് മീൻ പിടിച്ചെടുത്തത്

Update: 2018-06-26 07:57 GMT
Advertising

കൊല്ലം ആര്യങ്കാവ് ചെക്ക് പോസ്റ്റില്‍ നിന്ന് പതിനായിരം കിലോയോളം ഫോര്‍മലിന്‍ കലര്‍ന്ന മത്സ്യം പിടികൂടി. ഓപ്പറേഷന്‍ സാഗര്‍റാണിയുടെ ഭാഗമായി ഭക്ഷ്യസുരക്ഷവിഭാഗം നടത്തിയ പരിശോധനയിലാണ് മത്സ്യം പിടികൂടിയത്. തമിഴ്നാട്ടിലെ തൂത്തുക്കൂടി, മണ്ഡപം എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് മത്സ്യം കൊണ്ടുവന്നത്. വിഷം കലര്‍ന്ന മത്സ്യം കണ്ടെത്താന്‍ പരിശോധന കര്‍ശനമാക്കുമെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ മീഡിയവണിനോട് പറഞ്ഞു.

Full View

ഇന്നലെ രാത്രി 11 മണിക്ക് ആരംഭിച്ച പരിശോധന വെളുപ്പിന് മൂന്ന് മണിവരെ നീണ്ടു നിന്നു. കൊച്ചി കോട്ടയം ജില്ലകളില്‍ വിതരണം ചെയ്യാന്‍ കൊണ്ടുവന്ന 7000 കിലോ ചെമ്മീനും 3000 കിലോയോളം മറ്റ് മത്സ്യങ്ങളുമാണ് പിടികൂടിയത്. ബേബി മറൈന്‍സ് എന്ന കമ്പനിക്ക് വേണ്ടിയാണ് ചെമ്മീന്‍ കൊണ്ടുവന്നത്. മറ്റ് മത്സ്യം ചെറുകിട വിതരണത്തിനും. 15 ലോറികള്‍ പരിശോധന വിധേയമാക്കി. ഫ്രീസര്‍ സംവിധാനമില്ലാതിരുന്ന 9 ലോറികള്‍ തിരിച്ചയച്ചു. പിടികൂടി മത്സ്യത്തിന് ആഭ്യന്തര വിപണിയില്‍ പത്ത് ലക്ഷത്തോളം രൂപ വില വരും. പ്രാഥമിക പരിശോധനയില്‍ ഫോര്‍മലിന്‍ കണ്ടെത്താത്ത മത്സ്യം വിദഗ്ധ പരിശോധനക്ക് അയച്ചു.

ഇതുവരെ സംസ്ഥാനത്ത് 21600 കിലോഗ്രാം ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യമാണ് കണ്ടെത്തിയത്. ഇതില്‍ തന്നെ ഏറ്റവും കൂടുതല്‍ മത്സ്യം ഇന്നലെ ഒരൊറ്റ ദിവസത്തെ പരിശോധനയില്‍ കണ്ടെത്തി. അതിര്‍ത്തി ചെക് പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. വിദഗ്ധ പരിശോധന റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് അറിയിച്ചു.

Tags:    

Similar News