ഐഎന്‍എല്ലില്‍ മലപ്പുറം ജില്ലാകമ്മറ്റി രൂപീകരണത്തെ ചൊല്ലി ഭിന്നത തുടരുന്നു

മുന്നണി പ്രവേശനത്തിന് തൊട്ടരികില്‍ നില്‍ക്കെ ഐഎന്‍എല്ലില്‍ കലാപം

Update: 2018-06-27 13:25 GMT
Advertising

മുന്നണി പ്രവേശനത്തിന് തൊട്ടരികില്‍ നില്‍ക്കെ ഐഎന്‍എല്ലില്‍ കലാപം. മലപ്പുറം ജില്ലാ കമ്മിറ്റി രൂപീകരണമാണ് പുതിയ പ്രശ്നങ്ങള്‍ക്ക് വഴിവെച്ചത്. സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ റിട്ടേണിംഗ് ഓഫീസറായാണ് ജില്ലാ കമ്മിറ്റി രൂപീകരിച്ചത്. തെരഞ്ഞെടുപ്പ് നടത്തണമെന്ന കൌണ്‍സിലര്‍മാരുടെ ആവശ്യം നിരാകരിച്ച റിട്ടേണിംഗ് ഓഫീസര്‍ പാനലുകള്‍ വെക്കാന്‍ നിര്‍ദേശിച്ചു.

34 പാനലുകളാണ് അവതരിപ്പിക്കപ്പെട്ടത്. പുതുതായി വന്ന ജില്ലാ കമ്മിറ്റിയില്‍ ചിലരെ മുകളില്‍ നിന്നും കെട്ടിയിറക്കി എന്ന ആക്ഷേപമുണ്ടായി. 16 മണ്ഡലം കമ്മിറ്റികളില്‍ 12ഉം ജില്ലാ കമ്മിറ്റിക്ക് എതിരാണ്. 4 എണ്ണം മാത്രമാണ് സമദ് തയ്യില്‍ അധ്യക്ഷനായ ജില്ലാ കമ്മിറ്റിക്ക് ഒപ്പമുള്ളത്. അതുകൊണ്ട് തന്നെ രൂപീകരണം കഴിഞ്ഞ് നാല് മാസം കഴിഞ്ഞിട്ടും ജില്ലാകമ്മിറ്റിക്ക് യോഗം ചേരാനായിട്ടില്ല. ഇതേ തുടര്‍ന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ അറിവോടെ ജില്ലാ സെക്രട്ടേറിയറ്റ് രൂപീകരിച്ചു. മറ്റു ജില്ലകളിലൊന്നും ഇല്ലാത്ത സെക്രട്ടേറിയറ്റാണ് മലപ്പുറത്ത് മാത്രമായി രൂപീകരിച്ചത്.

വിമതരുടെ നിയന്ത്രണത്തിലുള്ള മണ്ഡലം കമ്മിറ്റികള്‍ ചേര്‍ന്ന് രണ്ട് മേഖലാ കമ്മിറ്റികളും മലപ്പുറത്ത് രൂപീകരിച്ചു. അതിനിടെ മലപ്പുറം ജില്ലാ കമ്മിറ്റി നടത്തിയ ഇഫ്താറിലേക്ക് പാണക്കാട് നിന്നും ഒരു തങ്ങളെ ക്ഷണിച്ചതും പാര്‍ട്ടിയില്‍ വിവാദമായിരിക്കുകയാണ്. ജില്ലാ പ്രസിഡന്‍റ് സമദ് തയ്യില്‍ മുന്‍കയ്യെടുത്താണ് പാണക്കാട് നിന്നുള്ള തങ്ങളെ ഇഫ്താറിലേക്ക് ക്ഷണിച്ചത്.

ഇന്നലെ ചേര്‍ന്ന ഐഎന്‍എല്‍ സംസ്ഥാന പ്രവര്‍ത്തക സമിതിയില്‍ മലപ്പുറം ജില്ലയിലെ വിഭാഗീയത വിഷയം രൂക്ഷമായ വാഗ്വാദങ്ങള്‍ക്ക് വഴിവെച്ചു. ജില്ലാ സെക്രട്ടേറിയറ്റും മേഖലാ കമ്മിറ്റികളും രൂപീകരിച്ചത് പാര്‍ട്ടി ഭരണഘടനക്ക് വിരുദ്ധമാണെന്ന് യോഗം വിലയിരുത്തി. ജില്ലയിലെ പ്രശ്നങ്ങള്‍ അടിയന്തരമായി പരിഹരിക്കാന്‍ അഞ്ചംഗ സമിതിയെ ചുമതലപ്പെടുത്തി. സംസ്ഥാന പ്രസിഡന്‍റ് പ്രഫ എ പി അബ്ദുല്‍ വഹാബ്, ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍, അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അഹ്മദ് ദേവര്‍കോവില്‍, എം എ ലത്തീഫ്, വടേരി ബഷീര്‍ എന്നിവരാണ് സമിതിയിലുള്ളത്.

ഗ്രൂപ്പ് നീക്കങ്ങളുടെ ഭാഗമാണ് മലപ്പുറം ജില്ലയിലെ വിഭാഗീയ പ്രശ്നങ്ങളുടെ അടിസ്ഥാന കാരണമെന്നാണ് വിവരം.

Tags:    

Similar News