മോഹന്‍ലാല്‍ മൗനം വെടിയണം: രൂക്ഷ വിമര്‍ശനവുമായി വനിതാ കമ്മീഷന്‍
ദിലീപിനെ അമ്മ സംഘടനയില്‍ തിരിച്ചെടുത്തതിനെതിരെ ആഞ്ഞടിച്ച് വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍.
ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുത്തതിനെതിരെ ആഞ്ഞടിച്ച് വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍. അത്യുന്നത പദവിയിലിരിക്കുന്ന മോഹന്‍ലാല്‍ മൗനം വെടിഞ്ഞ് പ്രതികരിക്കണമെന്ന് ജോസഫൈന്‍ ആവശ്യപ്പെട്ടു. സംഘടനയ്ക്ക് കൂട്ടുത്തരവാദിത്വമുണ്ടെന്നും ജോസഫൈന്‍ പറഞ്ഞു.
ആക്രമിക്കപ്പെട്ട നടിയോട് അനുകമ്പാപൂര്‍ണമായ സമീപനം കാണിക്കാന്‍ അമ്മയ്ക്ക് കഴിയുമായിരുന്നു. നടി ആക്രമിക്കപ്പെട്ടപ്പോള്‍ അന്ന് ഒരു പ്രമേയം പോലും സംഘടന പാസ്സാക്കിയില്ല. ഇപ്പോള്‍ ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം അവധാനതയില്ലാത്തതാണെന്നും വനിതാ കമ്മീഷന്‍ വിമര്‍ശിച്ചു.
മന്ത്രി ജി സുധാകരനും അമ്മക്കെതിരെ രംഗത്തെത്തി. പണക്കൊഴുപ്പാണ് സിനിമാക്കാരെ നിയന്ത്രിക്കുന്നത്. ദിലീപിനെക്കുറിച്ച് പണ്ട് മുതല്‍ തന്നെ തനിക്ക് നല്ല അഭിപ്രായമല്ല ഉള്ളതെന്നും പണമുണ്ടാക്കല്‍ മാത്രമാണ് ദിലീപിന്‍റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. അമ്മയിലുള്‍പ്പെട്ട ഇടത് ജനപ്രതിനിധികള്‍ വ്യക്തിപരമായ നിലപാടാണ് വ്യക്തമാക്കുന്നത്. അവരെ പാർട്ടി തിരുത്തണമെങ്കില്‍ തിരുത്തുമെന്നും ജി സുധാകരന്‍ പറഞ്ഞു.