പ്രതിഷേധം ഫലം കണ്ടു: മുഴുവന്‍ ബിരുദ, പി ജി ഫലങ്ങളും ജൂലൈ 30നകമെന്ന് കേരള യൂണിവേഴ്‍സിറ്റി
യൂണിവേഴ്സിറ്റിയിലെ മറ്റ് പ്രശ്നങ്ങളും പരിഹരിക്കണമെന്നാവശ്യപ്പെട്ട് യൂണിവേഴ്സിറ്റിക്ക് കീഴിലെ എല്ലാ കോളജ് വിദ്യാര്‍ത്ഥികളെയും സംഘടിപ്പിച്ച് സമരത്തിനൊരുങ്ങുകയാണ് വിദ്യാര്‍ത്ഥി സംഘടനകള്‍.
കേരള യൂണിവേഴ്സിറ്റിയില്‍ കെട്ടിക്കിടക്കുന്ന മുഴുവന്‍ ബിരുദ, പി ജി ഫലങ്ങളും ജൂലൈ 30നകം പ്രഖ്യാപിക്കുമെന്ന് എക്സാം കണ്‍ട്രോളര്‍. കേരളാ യൂണിവേഴ്സിറ്റിയുടെ സ്തംഭനാവസ്ഥ മീഡിയവണാണ് പുറത്തുകൊണ്ടുവന്നത്. മീഡിയവണ്‍ ഇംപാക്ട്.
കുത്തഴിഞ്ഞ പരീക്ഷാ നടത്തിപ്പ്, നടന്ന പരീക്ഷകളുടെ ഫലത്തിനായി നീണ്ട കാത്തിരിപ്പ്, മൂല്യനിര്‍ണയത്തിലെ അപാകതകള്‍ മൂലം വിദ്യാര്‍ത്ഥികളുടെ കൂട്ടത്തോല്‍വി. ഇതിന് പുറമെ വി സി യും പി വി സി യും രജിസ്ട്രാറും ഇല്ലാതെ സ്തംഭനാവസ്ഥയിലായിരുന്നു കേരളാ യൂണിവേഴ്സിറ്റി. യൂണിവേഴ്സിറ്റിയിലെ സ്തംഭനാവസ്ഥ മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ വിദ്യാര്‍ത്ഥി സംഘടനകള്‍ സമരം ആരംഭിച്ചു. കെഎസ്യു നടത്തിയ സമരത്തിന് പിന്നാലെ ഫ്രട്ടേണിറ്റി മൂവ്മെന്റ് സംസ്ഥാനകമ്മിറ്റി ഇന്നലെ യൂണിവേഴ്സിറ്റിയിലേക്ക് മാര്‍ച്ച് നടത്തി. തുടര്‍ന്ന് നടത്തിയ ചര്‍ച്ചയിലാണ് ജൂലൈ 30നകം പരീക്ഷാഫലങ്ങള്‍ പ്രഖ്യാപിക്കുമെന്ന് എക്സാം കണ്‍ട്രോളര്‍ രേഖാമൂലം ഉറപ്പ് നല്‍കിയത്.
നിലവില്‍ കെട്ടിക്കിടക്കുന്ന പരീക്ഷാഫലങ്ങളില്‍ മാത്രമാണ് നടപടി. വിദ്യാര്‍ത്ഥികളുടെ ഉപരിപഠനത്തില്‍ നേരിട്ട പ്രതിസന്ധിക്ക് ഇതുവഴി പരിഹാരമാകും. പക്ഷേ യൂണിവേഴ്സിറ്റിയിലെ വിസിയുടേതടക്കമുള്ള നിയമനങ്ങളില്‍ സര്‍ക്കാറിന് വ്യക്തമായ മറുപടിയില്ല. യൂണിവേഴ്സിറ്റിയിലെ മറ്റ് പ്രശ്നങ്ങളും പരിഹരിക്കണമെന്നാവശ്യപ്പെട്ട് യൂണിവേഴ്സിറ്റിക്ക് കീഴിലെ എല്ലാ കോളജ് വിദ്യാര്‍ത്ഥികളെയും സംഘടിപ്പിച്ച് സമരത്തിനൊരുങ്ങുകയാണ് വിദ്യാര്‍ത്ഥി സംഘടനകള്‍.