സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കം: അന്വേഷണത്തില്‍ പൊലീസിന് വീഴ്ചയെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍
കഴിഞ്ഞ ഏപ്രില്‍ 7ന് അര്‍ധരാത്രിയിലാണ് ക്നാനായ യാക്കോബായ സഭാ മാനേജിംഗ് കമ്മിറ്റിഅംഗം ബിനു കുരുവിളയെ ഗര്‍ഭിണിയായ ഭാര്യയുടെ മുമ്പിലിട്ട് രണ്ട് അംഗ ഗുണ്ടാസംഘം ഇരുമ്പ് വടികൊണ്ട് മര്‍ദ്ദിച്ച് അവശനാക്കിയത്.
പത്തനംതിട്ട തിരുവല്ലയില്‍ ക്നാനായ യാക്കോബായ സഭാ മാനേജിംഗ് കമ്മിറ്റി അംഗം ബിനു കുരുവിളയ്ക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്നതില്‍ പൊലീസിന് വീഴ്ചയെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍. സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കിടെ തിരുവല്ല ഓതറയിലെ വീട്ടില്‍വെച്ചാണ് ഗുണ്ടാ സംഘം ബിനു കുരുവിളയെ മര്‍ദ്ദിച്ച് അവശനാക്കിയത്. നിലവില്‍ ക്രൈം ബ്രാഞ്ച് കേസ് അന്വേഷിക്കുന്നുണ്ടെങ്കിലും അന്വേഷണം എവിടെയും എത്തിയിട്ടില്ല.
കഴിഞ്ഞ ഏപ്രില്‍ 7 ന് അര്‍ദ്ധരാത്രിയിലാണ് ബിനു കുരുവിളയെ ഗര്‍ഭിണിയായ ഭാര്യയുടെ മുമ്പിലിട്ട് രണ്ട് അംഗ ഗുണ്ടാ സംഘം ഇരുമ്പ് വടികൊണ്ട് മര്‍ദ്ദിച്ച് അവശനാക്കിയത്. ക്നാനായ കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയായിരുന്നു ബിനു. ബിനുവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അംഗം ജോര്‍ജ്ജ് കുര്യന്‍ വീട്ടിലെത്തി തെളിവെടുത്തത്.
സംഭവം നടന്ന് മൂന്ന് മാസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ ആയിട്ടില്ല. ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് ഇപ്പോള്‍ ക്രൈം ബ്രാഞ്ചാണ് അന്വേഷിക്കുന്നത്. തന്നെ ആക്രമിച്ചതിന് പിന്നില്‍ സഭയിലെ ചിലര്‍ക്ക് പങ്കുണ്ടെന്നും ക്വട്ടേഷന്‍ സംഘമാണ് ആക്രമണം നടത്തിയതെന്നും ബിനു കുര്യാക്കോസ് പറഞ്ഞു. ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ നേരത്തെ പത്തനംതിട്ട ജില്ലാ കളക്ടറോടും എസ് പിയോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടാകാത്ത പശ്ചാത്തലത്തിലാണ് കമ്മീഷന്‍ അംഗം നേരിട്ടെത്തി തെളിവെടുത്തത്.