കത്തോലിക്കാ ബിഷപ്പിനെതിരെ കന്യാസ്ത്രീയുടെ പീഡന പരാതി; പൊലീസ് കേസെടുത്തു
കുറവിലങ്ങാട് വച്ച് 2014 ൽ പീഡിപ്പിച്ചുവെന്നാണ് കന്യാസ്ത്രീയുടെ പരാതി. ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയാണ് കുറവിലങ്ങാട് പൊലീസ് കേസ് എടുത്തത്.
കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയിൽ കത്തോലിക്കാ ബിഷപ്പിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയാണ് കുറവിലങ്ങാട് പൊലീസ് കേസ് എടുത്തത്. കുറവിലങ്ങാട് വച്ച് 2014ൽ പീഡിപ്പിച്ചുവെന്നാണ് കന്യാസ്ത്രീയുടെ പരാതി
കഴിഞ്ഞ ദിവസമാണ് ജലന്ധർ ബിഷപ്പായ ഫ്രാങ്കോ മുളയ്ക്കൽ തന്നെ പീഡിപ്പിച്ചെന്ന് ആരോപിച്ച് കന്യാസ്ത്രീ കുറവിലങ്ങാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. 2014ൽ പല തവണ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൻ പീഡിപ്പിച്ചുവെന്നാണ് പരാതി. കുറവിലങ്ങാട് ഗസ്റ്റ്ഹൗസിൽ വച്ചാണ് പീഡനം നടന്നതെന്ന് പരാതിയിൽ പറയുന്നു.
അതേസമയം കന്യാസ്ത്രീ തന്നെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് ബിഷപ്പ് കോട്ടയം എസ് പിക്ക് പരാതി നൽകി. സ്ഥലം മാറ്റിയതിന് പ്രതികാരം ചെയ്യുമെന്ന് കന്യാസ്ത്രീ ഭീഷണിപ്പെടുത്തിയിരുന്നതായി പരാതിയിൽ പറയുന്നു. ബിഷപ്പിൻറെ പരാതിയാണ് ആദ്യം ലഭിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ വൈക്കം ഡിവൈഎസ്പിയെ ജില്ലാ പോലീസ് മേധാവി ചുമതലപ്പെടുത്തി.
ഓർത്തഡോക്സ് സഭയിലെ വിവാദങ്ങൾ കെട്ടടങ്ങും മുൻപാണ് പീഡന പരാതിയിൽ കത്തോലിക്ക സഭയിലെ ഒരു ഉന്നത പുരോഹിതനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.