ജലന്ധര്‍ ബിഷപ്പിനെതിരായ പീഡനക്കേസ്; കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തി
പരാതിയില്‍ കന്യാസ്ത്രീ ഉറച്ച് നില്‍ക്കുന്നതായി 6 മണിക്കൂര്‍ നീണ്ട മൊഴിയെടുക്കലിന് ശേഷം അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ജലന്ധര്‍ ബിഷപ്പിനെതിരായ പീഡനക്കേസില്‍ കന്യാസ്ത്രീയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. പരാതിയില്‍ കന്യാസ്ത്രീ ഉറച്ച് നില്‍ക്കുന്നതായി 6 മണിക്കൂര്‍ നീണ്ട മൊഴിയെടുക്കലിന് ശേഷം അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഉടന്‍ തന്നെ ജലന്ധറിലെത്തി ബിഷപ്പിന്റെ മൊഴി രേഖപ്പെടുത്തുമെന്നും അന്വേഷണസംഘം അറിയിച്ചു.
രാവിലെ 11 മണിയോടെ കുറവിലങ്ങാട്ടെ മഠത്തില്‍ നേരിട്ടെത്തിയാണ് അന്വേഷണ സംഘം കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തിയത്. അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പിയും ഒരു വനിത ഉദ്യോഗസ്ഥയും ഉള്‍പ്പടെ 4 പേരുടെ സംഘമാണ് മൊഴിയെടുക്കാന്‍ എത്തിയത്. 2014 മുതലുള്ള കാര്യങ്ങള്‍ എല്ലാം പൊലീസ് വ്യക്തമായി ചോദിച്ചറിഞ്ഞു.
പരാതി വൈകാനുള്ള സാഹചര്യവും കന്യാസ്ത്രീ വ്യക്തമാക്കിയിട്ടുണ്ട്. പരാതിയില്‍ ഉന്നയിച്ച ആരോപണങ്ങളില്‍ കന്യസ്ത്രീ ഉറച്ച് നില്‍ക്കുകയാണ്. ആലഞ്ചേരിക്ക് പരാതി നല്‍കിയ കാര്യവും അന്വേഷണ സംഘത്തോട് കന്യാസ്ത്രീ പറഞ്ഞിട്ടുണ്ട്. മഠത്തിലെ മറ്റ് കന്യാസ്ത്രീകളുടെ മൊഴി ഉടന്‍ രേഖപ്പെടുത്തും. അതിന് ശേഷം ബിഷപ്പിന്റെ മൊഴിയെടുക്കാന്‍ ജലന്ധറിലേക്ക് പോകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് രഹസ്യമൊഴിയെടുക്കാനുള്ള അനുമതിയും മജിസ്ട്രേറ്റിനോട് അന്വേഷണ സംഘം തേടിയിട്ടുണ്ട്. ഇതിനിടെ സമൂഹമാധ്യമങ്ങളില്‍ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ചിലര്‍ ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി കന്യാസ്ത്രീ മറ്റൊരു പരാതി കൂടി വൈക്കം ഡിവൈഎസ്പിക്ക് നല്‍കി. ഈ പരാതിയിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.