ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗികാരോപണം: ഫോറന്‍സിക് പരിശോധന നടത്തി
ജലന്ധര്‍ ബിഷപ്പിനെതിരായ പരാതിയില്‍ കുറവിലങ്ങാട്ടെ മഠത്തില്‍ ഫോറന്‍സിക്ക് പരിശോധന നടത്തി. പീഡിപ്പിക്കപ്പെട്ടുവെന്ന് കന്യാസ്ത്രീ പറഞ്ഞ 20ആം നമ്പര്‍ മുറിയിലാണ് ഇന്ന് പരിശോധന നടന്നത്. അടുത്ത ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ അറിയിച്ചു. കന്യാസ്ത്രീയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ കോടതി അനുമതി നല്‍കി.
കന്യാസ്ത്രീ നല്‍കിയ മൊഴിയില്‍ 13 തവണ മഠത്തില്‍ വെച്ച് പീഡിപ്പിക്കപ്പെട്ടുവെന്നാണ് പറയുന്നത്. ആദ്യ പീഡനം നടന്നത് മഠത്തിലെ 20ആം നമ്പര്‍ മുറിയില്‍ വെച്ചാണ്. കന്യസ്ത്രീയുടെ മൊഴിയെ സാധൂകരിക്കുന്ന ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫോറന്‍സിക്ക് വിഭാഗം ഇവിടെ പരിശോധന നടത്തിയത്.
ഉച്ചക്ക് ശേഷം ആരംഭിച്ച പരിശോധന 4 മണിക്കൂറോളം നീണ്ട് നിന്നു. മഠത്തിലെ രജിസ്റ്ററില്‍ കൃത്രിമം ഒന്നും നടന്നിട്ടില്ലെന്ന് കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥന്‍ അറിയിച്ചു. വേണ്ടിവന്നാല്‍ ബിഷപ്പിനെ വിളിച്ച് വരുത്താനും അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്.
വരും ദിവസങ്ങളിലും ഫോറന്‍സിക്ക് പരിശോധന തുടരും. ഇതിനിടെ കന്യാസ്ത്രീയുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള അനുമതി കോട്ടയം മജിസ്ട്രേറ്റ് കോടതി പൊലീസിന് നല്‍കി. വനിത മജിസ്ട്രേറ്റുള്ള ചങ്ങനാശേരി മജിസ്ട്രേറ്റ് കോടതിയില്‍ മൊഴി രേഖപ്പെടുത്താനുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നത്. അടുത്ത ദിവസം തന്നെ പൊലീസ് മൊഴിയെടുത്തേക്കും.