സുനി സഹോദരനെപ്പോലെ, സത്യാവസ്ഥ എല്ലാവരും അറിയണം; ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി സജികുമാര്‍
മരണപ്പെട്ട സുനിലിന്റേയും ഭാര്യയുടെയും ജീവൻ ഇനി തിരിച്ചു കിട്ടില്ല അവരുടെ ജീവനേക്കാൾ വിലയുള്ളതല്ല നഷ്ടപ്പെട്ടതും നേടിയതുമൊക്കെ
ചങ്ങനാശ്ശേരിയില്‍ മോഷണക്കുറ്റം ആരോപിച്ച് പോലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്ത ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി അഡ്വ.സജികുമാര്‍. മരിച്ച സുനിയെ താന്‍ സഹോദരതുല്യനായിട്ടാണ് കണ്ടിരുന്നതെന്നും മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുകയാണെന്നും സജികുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
സ്വര്‍ണ്ണപ്പണിക്കാരനായ സുനില്‍ കുമാറിനെയും ഭാര്യ രേഷ്മയെയുമാണ് ചങ്ങനാശ്ശേരിയിലെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചങ്ങനാശേരി നഗരസഭാ കൗണ്‍സിലറും സി.പി.എം നേതാവുമായ അഡ്വ. സജികുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ദമ്പതികളെ പൊലീസ് ചോദ്യം ചെയ്തത്. സജികുമാറിന്റെ കീഴില്‍ ജോലി ചെയ്യുകയായിരുന്നു സുനില്‍കുമാര്‍.
സജികുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്
സത്യാവസ്ഥ എല്ലാവരും അറിയണം.
വളരെ ദൗർഭാഗ്യകരമായ ഒരു ജീവിതാനുഭവത്തിൽ നിന്നും വളരെ വേദനയോടെ ആണ് ഈ കുറുപ്പ് ഞാനെഴുതുന്നത്. മരണപെട്ടുപോയ സുനിയെ ഞാൻ സഹോദര തുല്യമായ സ്നേഹത്തോടെ കണ്ടിരുന്നതാണ്. ഇപ്പോൾ തെറ്റായ വാർത്തകൾ ആണ് ഓരോ മാധ്യമങ്ങളും അവരുടെ ധർമ്മത്തിനനുസരിച്ചു പ്രചരിപ്പിക്കുന്നത്. എന്നെ സ്നേഹിക്കുന്ന, അറിയുന്ന പ്രിയപ്പെട്ടവരോട് ഞാനുമായി ബന്ധപ്പെട്ട വാർത്തയുടെ യഥാർത്ഥ വസ്തുത അറിയിക്കണം എന്നത് കൊണ്ടാണ് ഈ കുറിപ്പ്.
സുനിയും കൂടാതെ മറ്റൊരാളും മാത്രമാണ് സ്ഥാപനത്തിൽ ഉണ്ടായിരുന്നത് അവരാണ് ജോലികൾ ചെയ്തിരുന്നത്. അഭിഭാഷകനായതുകൊണ്ടും കൗൺസിലറെന്ന നിലയിലുള്ള തിരക്കുകൾ കൊണ്ടും പാരമ്പര്യമായ ജോലി കുറച്ചു കൊണ്ടുവന്നിരുന്നതാണ്. കഴിഞ്ഞ 8 മാസമായി എനിക്ക് വേണ്ട നിലയിൽ ശ്രദ്ധിക്കുന്നതിനു തിരക്കുകൾ കൊണ്ട് കഴിഞ്ഞിരുന്നില്ല ചില സംശയങ്ങൾ ഇടയ്ക്കു തോന്നിയതാണ്. രണ്ടാഴ്ച മുന്നേ എനിക്ക് പേരു വയ്ക്കാത്ത ഒരു കത്ത് കോട്ടയം പോസ്റ്റിൽ നിന്നും എന്റെ വിലാസത്തിൽ ലഭിച്ചിരുന്നതാണ്.ആ കത്തിൽ ഞാൻ അറിയാതെ സുനി സ്വർണ്ണാഭരണങ്ങൾ എടുക്കുന്നതായും ചങ്ങനാശേരി മാവേലിക്കര തിരുവല്ല എന്നിവിടങ്ങളിൽ കൊണ്ടുപോയി വില്പന നടത്തി എന്നെ ചതിക്കുന്നു എന്നു സൂക്ഷിക്കണം എന്നും എഴുതിയിരുന്നു. കത്ത് കിട്ടിയതിനു ശേഷം പരിശോധിച്ചപ്പോളാണ് 400 ഗ്രാം (അൻപതു പവൻ )കുറവ് മനസിലായത്. (തൂക്കം സംബന്ധിച്ചു വരുന്ന വാർത്തകൾ തെറ്റാണ് ) തുടർന്ന് അവരോടു വിവരങ്ങൾ ചോദിച്ചപ്പോൾ അറിയില്ലെന്ന് പറഞ്ഞത് കൊണ്ടാണ് എനിക്ക് ലഭിച്ച കത്തിനോടൊപ്പം ഞാൻ ചങ്ങനാശേരി പോലീസിൽ പരാതി 3.07.18 തീയതിയിൽ കൊടുത്തത്.
തുടർന്ന് അവരെ സുനിയെയും രാജേഷിനെയും മാത്രമാണ് ആണ് പോലീസ് വിളിപ്പിച്ചത്. സുനിയെയും രേഷ്മയേയും വിളിപ്പിച്ചിട്ടില്ല അത് തെറ്റാണ്.അവരോടു പോലീസ് സംസാരിച്ചതിന് ശേഷം എന്നെ സ്റ്റേഷനിൽ നിന്നും 5.30 മണിയോടെ വിളിപ്പിച്ചിരുന്നതും 33 പവൻ എടുത്തതായും 4.07.18 തീയതി തിരികെ നൽകാമെന്ന് സമ്മതിച്ചു സുനി സ്വന്തം കൈപ്പടയിൽ എഴുതി നൽകിയിരുന്നതായി പോലീസ് പറഞ്ഞിരുന്നതും അത് ഞാൻ സമ്മതിച്ചു കേസ് എടുക്കണ്ട അത്രേയെങ്കിലും കിട്ടുമല്ലോ എന്നു കരുതി ഇപ്പോൾ കേസെടുക്കേണ്ട തന്നില്ലെങ്കിൽ എടുത്താൽ മതി എന്നു എഴുതി നൽകിയതിന് ശേഷം ഞാൻ സ്റ്റേഷനിൽ നിന്നും പോയിരുന്നതാണ്. കേസെടുത്താൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഓർത്താണ് ഞാൻ അങ്ങനെ എഴുതിനല്കിയതു.
6.30 യോടെ അവരെ സ്റ്റേഷനിൽ നിന്നും പോയതായി ഞാൻ അറിഞ്ഞിരുന്നതാണ്. ഞാൻ സ്റ്റേഷനിൽ നിന്നും റോഡിലേക്ക് വന്ന സമയം സുനിയുടെ സഹോദരനായ അനിൽകുമാറിനെ കണ്ടിരുന്നതും എനിക്ക് വിവരങ്ങളൊക്കെ അറിയാവുന്നതാണെന്നും അവനോടു താക്കീത് ചെയ്തിരുന്നതാണെന്നും എന്നോട് അനിൽ പറഞ്ഞിരുന്നതാണ്. ഇന്ന് അനിൽ മറ്റാർക്കോ വേണ്ടി പറയുന്നു നാളെകളിൽ ഈ കുറിപ്പ് അനിൽ ശെരിവയ്ക്കുമെന്നു എനിക്കുറപ്പുണ്ട്. കേസ് എന്ന നിലയിൽ ഇപ്പോൾ proceed ചെയ്താൽ കുറെ ആളുകളിൽ നിന്നും ഇതൊക്കെ റിക്കവറി ചെയ്യാൻ കഴിയും. ആ മാനസികാവസ്ഥ എനിക്ക് ഇപ്പോഴില്ല. കേസ് എടുത്തു അത് ചെയ്തിരുന്നെങ്കിൽ വാർത്ത മാറ്റൊന്നായേനേ.
മരണപ്പെട്ട സുനിലിന്റേയും ഭാര്യയുടെയും ജീവൻ ഇനി തിരിച്ചു കിട്ടില്ല അവരുടെ ജീവനേക്കാൾ വിലയുള്ളതല്ല നഷ്ടപ്പെട്ടതും നേടിയതുമൊക്കെ. മരണപ്പെട്ടു പോയതോർക്കുമ്പോൾ അങ്ങേയറ്റം ഹൃദയവേദന ഉണ്ട്.അത് വിവരിക്കാൻ കഴിയുന്നതിനപ്പുറമാണ്. ന്യായീകരിച്ചു വിശ്വസിപ്പിക്കുന്നതിനൊന്നും ഞാൻ ആഗ്രഹിക്കുന്നില്ല ഇതാണ് യാഥാർഥ്യം ഏത് അന്വേഷണം നടത്തിയാലും ഈ വസ്തുത മനസിലാകും എന്റെ സ്ഥാനം ഉപയോഗിച്ച് യാതൊരു ഇടപെടലും ഞാൻ നടത്തിയിട്ടുള്ളതല്ല. ഏതൊരാളും ചെയ്യുന്നതാണ് ഞാനും ചെയ്തത്
സ്നേഹപൂർവ്വം അഡ്വ. സജി.
സത്യാവസ്ഥ എല്ലാവരും അറിയണം. വളരെ ദൗർഭാഗ്യകരമായ ഒരു ജീവിതാനുഭവത്തിൽ നിന്നും വളരെ വേദനയോടെ ആണ് ഈ കുറുപ്പ് ഞാനെഴുതുന്നത്....
Posted by Manikanda Das on Wednesday, July 4, 2018