ആത്മഹത്യയ്ക്ക് കാരണം സിപിഎം നഗരസഭാംഗം സജികുമാർ ആണെന്ന് ദമ്പതികളുടെ ആത്മഹത്യാക്കുറിപ്പ്
സജി കുമാർ വീടുനിർമാണത്തിനായി സ്വർണം വിൽക്കുകയായിരുന്നു. ഇതിൽ 100 ഗ്രാം സ്വർണം ഭർത്താവായ സുനിൽകുമാർ സ്വന്തമാക്കിയിട്ടുണ്ട്. പക്ഷേ മുഴുവൻ കുറ്റവും തങ്ങളുടെ ചുമതലയിൽ വയ്ക്കുകയാണ് ചെയ്തത്
ആത്മഹത്യയ്ക്ക് കാരണം സിപിഎം നഗരസഭാംഗം ആയ സജികുമാർ ആണെന്ന് ചങ്ങനാശേരിയിൽ ആത്മഹത്യ ചെയ്ത ദമ്പതികളുടെ ആത്മഹത്യാക്കുറിപ്പ്. 100 ഗ്രാം സ്വർണം ഭർത്താവായ സുനിൽ കുമാർ എടുത്തെങ്കിലും തിരിച്ചുനൽകാൻ കയ്യിൽ പണമില്ലായിരുന്നു. ബാക്കി സ്വർണം സജികുമാർ സ്വന്തം ആവശ്യങ്ങൾക്കായി വിറ്റശേഷം തങ്ങളുടെ ചുമലിൽ കുറ്റം ആരോപിക്കുകയായിരുന്നുവെന്നും കുറിപ്പിൽ പറയുന്നു.
ആത്മഹത്യ ചെയ്ത സുനിലിന്റെ ഭാര്യ രേഷ്മ എഴുതിയ കുറിപ്പിലാണ് സിപിഎം നഗരസഭാ അംഗവും ലോക്കൽകമ്മിറ്റി അംഗവുമായ സജികുമാർ ആണ് മരണത്തിന് കാരണം എന്ന് എഴുതിയിരിക്കുന്നത്. സജി കുമാർ വീടുനിർമാണത്തിനായി സ്വർണം വിൽക്കുകയായിരുന്നു. ഇതിൽ 100 ഗ്രാം സ്വർണം ഭർത്താവായ സുനിൽകുമാർ സ്വന്തമാക്കിയിട്ടുണ്ട്. പക്ഷേ മുഴുവൻ കുറ്റവും തങ്ങളുടെ ചുമതലയിൽ വയ്ക്കുകയാണ് ചെയ്തത്.
പണം തിരികെ നൽകാമെന്ന് പൊലീസിനോട് പറഞ്ഞിരുന്നു. പക്ഷേ ഇതിന് നിർവാഹം ഇല്ലാത്തതിനാൽ ആത്മഹത്യ ചെയ്യുന്നു. സ്വർണം തങ്ങളാണ് എടുത്തതെന്ന് പോലീസ് മർദ്ദിച്ച് എഴുതി വാങ്ങിയിട്ടുണ്ടെന്നും രേഷ്മ കുറിപ്പിൽ പറയുന്നു. കെട്ടുതാലി പണയം വെച്ചാണ് വാകത്താനത്ത് വാടകവീടെടുത്ത് താമസിക്കുന്നതെന്നും സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി രേഷ്മ വിവരിക്കുന്നു. സഹോദരൻ അനിലിനോട് ഇക്കാര്യങ്ങൾ എല്ലാം ഫോണിൽ വിളിച്ചു പറഞ്ഞിട്ടാണ് ദമ്പതികൾ ആത്മഹത്യ ചെയ്തത്. ഒമ്പതുമാസം മുമ്പാണ് സുനിൽകുമാർ രേഷ്മയെ വിവാഹം ചെയ്തത്.
ആത്മഹത്യ ചെയ്ത ദമ്പതികളുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. പൊലീസ് മർദ്ദിച്ചെന്ന ആരോപണം നിലനിൽക്കുന്നതിനാൽ വിദഗ്ധ സംഘമാകും പോസ്റ്റ്മോർട്ടം നടത്തുക. അതേസമയം പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇന്ന് ചങ്ങനാശ്ശേരി താലൂക്കില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
സ്വർണ്ണം മോഷണം പോയതിന്റെ പേരിൽ 12 മണിക്കൂറോളം ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷനിൽ വെച്ച് സുനിൽകുമാറിനെ ചോദ്യം ചെയ്തിരുന്നു. ഈ സമയം ഭാര്യ രേഷ്മയും ഒപ്പമുണ്ടായിരുന്നു. മോഷണം പോയ സ്വർണം അല്ലാത്തപക്ഷം 8 ലക്ഷം രൂപ തിരികെ നൽകണമെന്ന് പറഞ്ഞാണ് ഇരുവരെയും വീട്ടിലേക്ക് വിട്ടത്. ഇതിനുശേഷം സഹോദരനെ വിളിച്ച് സുനിൽ തന്നെ പോലീസ് മർദിച്ചുവെന്ന് പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് പോസ്റ്റുമോർട്ടം വിദഗ്ധ സംഘത്തെ കൊണ്ട് നടത്താൻ പോലീസ് തീരുമാനിച്ചത്.
ആർഡിഒയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷമാകും പോസ്റ്റ്മോർട്ടം. സംഭവം വിവാദമായതോടെ ചങ്ങനാശ്ശേരി എസ് ഐ ഷെമീർഖാനെ കോട്ടയം എസ് പി ഓഫീസിലേക്ക് സ്ഥലം മാറ്റി. ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡിവൈഎസ്പിക്കാണ് അന്വേഷണച്ചുമതല. പോലീസുകാർക്ക് വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മധ്യമേഖല ഐജി വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം സംഭവത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് ബിജെപി എസ്ഡിപിഐ എന്നീ രാഷ്ട്രീയ പാർട്ടികൾ ചങ്ങനാശേരിയിൽ ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പരാതിക്കാരനായ സിപിഎം നഗരസഭാംഗത്തിന്റെ മുന്നിൽ വെച്ചാണ് സുനിൽകുമാറിനെ ചോദ്യം ചെയ്തത് എന്ന വാർത്ത പുറത്തുവന്നതോടെ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം ശക്തമാക്കാൻ തീരുമാനിച്ചിട്ടുണ്ട്.