അമ്മയെ അടക്കാന്‍ സ്ഥലമില്ല; താമസിക്കുന്ന ഷെഡ് പൊളിച്ച് മൃതദേഹം അടക്കം ചെയ്തു

വയനാട് പനമരം അമ്പലക്കര ആദിവാസി കോളനിയിലെ ചന്ദ്രനാണ് അമ്മയുടെ മൃതദേഹം അടക്കം ചെയ്യാന്‍ താമസ ഷെഡ് പൊളിക്കേണ്ട ദുരവസ്ഥയുണ്ടായത്

Update: 2018-07-05 06:31 GMT
Advertising

മൃതദേഹം അടക്കം ചെയ്യാന്‍ സ്ഥലമില്ലാത്തതിനെ തുടര്‍ന്ന് ആദിവാസി കുടുംബം താമസഷെഡ് പൊളിച്ച് മൃതദേഹം അടക്കം ചെയ്തു. വയനാട് പനമരം അമ്പലക്കര കേളനിയിലെ കണക്കിയുടെ മൃതദേഹമാണ് ഷെഡ് പൊളിച്ച് അടക്കം ചെയ്തത്.

വയനാട് പനമരം അമ്പലക്കര ആദിവാസി കോളനിയിലെ ചന്ദ്രനാണ് അമ്മയുടെ മൃതദേഹം അടക്കം ചെയ്യാന്‍ താമസ ഷെഡ് പൊളിക്കേണ്ട ദുരവസ്ഥയുണ്ടായത്. കോളനിയില്‍ താമസിക്കാന്‍ സ്ഥലപരിമിതി ഉണ്ടായതിനെ തുടര്‍ന്ന് ചന്ദ്രനും കുടുംബവും കേളനിയില്‍ ഷെഡ് കെട്ടിയായിരുന്നു താമസം. ചന്ദ്രനും അച്ഛനും അമ്മയും ഭാര്യയും മക്കളുമടങ്ങുന്ന ഏഴംഗ കുടുംബം ഈ ഒറ്റമുറി ഷെഡിലായിരുന്നു താമസം. ചന്ദ്രന്റെ അമ്മ കണക്കി തിങ്കളാഴ്ച രാവിലെയാണ് വാര്‍ധക്യ സഹജമായ രോഗം മൂലം മരണപ്പെട്ടത്. മൃതദേഹം അടക്കാന്‍ സ്ഥലം അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനെ തുടര്‍ന്നാണ് താമസഷെഡ് പൊളിച്ച് മൃതദേഹം അടക്കം ചെയ്യേണ്ട ദുരവസ്ഥയുണ്ടായത്

Full View

അമ്പലക്കുന്ന് കോളനിയില്‍ ആകെയുള്ള ഇരുപത് സെന്റ് സ്ഥലത്ത് നാല് വീടുകളാണ് ഉള്ളത്. ഒരു വീട്ടില്‍ തന്നെ ഒന്നിലധികം കുടുംബങ്ങളാണ് താമസിക്കുന്നത്. ചന്ദ്രന്റെ അച്ഛന്‍ വെളുക്കന് പഞ്ചായത്തില്‍ നിന്ന് വീട് പാസായിട്ടുണ്ട്. ഷെഡ് നില്‍ക്കുന്ന സ്ഥലത്ത് വീട് പണിയാനാണ് ഇവര്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ഈ സ്ഥലത്ത് മൃതദേഹം അടക്കിയതിനാന്‍ വീട് പണിയാന്‍ ഇനി വേറെ സ്ഥലം കണ്ടെത്തണം. പനമരം പ‍ഞ്ചായത്തില്‍ പൊതുശ്മശാനമില്ലാത്തതാണ് ഇവരുടെ ദുരവസ്ഥക്ക് കാരണമായത്. നിലവില്‍ അടിസ്ഥാന സൌകര്യങ്ങളുടെ അഭാവംമൂലം ദുരിതത്തിലാണ് കോളനിയിലെ അന്തേവാസികളുടെ ജീവിതം. പഞ്ചായത്ത് നിര്‍മിച്ച് നല്‍കിയ വീടുകള്‍ ചോര്‍ന്നെലിക്കുന്ന അവസ്ഥയിലാണ്. കുടിവെള്ളത്തിനായി തൊട്ടടുത്ത സ്വകാര്യ വ്യക്തിയെയാണ് ഇവര്‍ ആശ്രയിക്കുന്നത്.

Tags:    

Similar News