അഭിമന്യുവിനെ കുത്തിയയാളെ തിരിച്ചറിഞ്ഞതായി പൊലീസ്

കേസില്‍ യുഎപിഎ ചുമത്തുന്നത് സംബന്ധിച്ച് നിയമോപദേശം തേടുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ

Update: 2018-07-05 09:05 GMT
Advertising

മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കുത്തിയയാളെ തിരിച്ചറിഞ്ഞതായി പൊലീസ്. കേസില്‍ യുഎപിഎ ചുമത്തുന്നത് സംബന്ധിച്ച് നിയമോപദേശം തേടുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. അതേസമയം കേസില്‍ 3 പേരുടെ അറസ്റ്റ് മാത്രമേ ഇപ്പോള്‍ രേഖപ്പെടുത്തിയിട്ടുള്ളൂ എന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ എന്‍പി ദിനേശ് പറഞ്ഞു. കസ്റ്റഡിയിലുള്ള 6 പേരുടെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കുമെന്നാണ് സൂചന.

കൊച്ചിയിലെത്തിയ ഡിജിപി ലോക്നാഥ് ബെഹ്റ മാധ്യമങ്ങളോടാണ് അഭിമന്യു വധക്കേസ് സംബന്ധിച്ച പ്രതികരണം നടത്തിയത്. കേസില്‍ പിടിക്കപ്പെട്ടവര്‍ക്കെതിരെ യുഎപിഎ ചുമത്തുന്നത് അടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ച് വരികയാണ്. ഇക്കാര്യത്തില്‍ നിയമോപദേശം തേടും ഡിജിപി പറഞ്ഞു.

Full View

അതേസമയം കേസിന്‍റെ അന്വേഷണം ശരിയായ ദിശയിലാണ് പുരോഗമിക്കുന്നതെന്ന വിലയിരുത്തലാണ് പൊലീസിനുള്ളത്. മുഖ്യപ്രതികളെ എല്ലാം തിരിച്ചറിഞ്ഞ് കഴിഞ്ഞെന്നും പൊലീസ് പറയുന്നു. അഭിമന്യുവിനെ കുത്തിയയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഇയാളെ സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവിടാന്‍ അന്വേഷണ സംഘം തയ്യാറായിട്ടില്ല. ഒളിവിലുള്ള ഇവരില്‍ ചിലര്‍ സംസ്ഥാനം വിട്ടതായും വിവരം ലഭിച്ചിട്ടുണ്ട്. പ്രതികള്‍ക്കായുള്ള അന്വേഷണം ഇതരസംസ്ഥാനത്തേക്ക് കൂടി പൊലീസ് വ്യാപിപ്പിച്ചു. എന്നാല്‍ കേസില്‍ കൂടുതല്‍ അറസ്റ്റ് നടന്നെന്ന വാര്‍ത്തകള്‍ പൊലീസ് നിഷേധിച്ചു. 3 പേരുടെ അറസ്റ്റ് മാത്രമേ ഇതുവരെ ഉണ്ടായിട്ടുള്ളൂ എന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ എന്‍പി ദിനേശ് മാധ്യമങ്ങളോട് പറഞ്ഞു.

കേസിന്‍റെ അന്വേഷണ പുരോഗതി വിലയിരുത്താന്‍ ഡിജിപി ലോക്നാഥ് ബെഹ്റ സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലെത്തി ഉന്നത ഉദ്യോഗസ്ഥരുമായി യോഗം ചേര്‍ന്നു. കസ്റ്റഡിയിലുള്ള 6 പേരില്‍ കേസുമായി നേരിട്ട് ബന്ധപ്പെട്ട ചിലരുടെ അറസ്റ്റ് ഉടനുണ്ടായേക്കുമെന്ന സൂചനയാണ് പൊലീസ് നല്‍കുന്നത്.

Tags:    

Similar News