വിജ്ഞാപനവും റാങ്ക് പട്ടികയും അട്ടിമറിച്ച് ഷംസീര്‍ എം.എല്‍.എയുടെ ഭാര്യക്ക് നിയമനം
സര്‍വകലാശാലയുടെ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ആദ്യ റാങ്ക് നേടിയ അധ്യാപിക
വിജ്ഞാപനവും റാങ്ക് പട്ടികയും അട്ടിമറിച്ച് സി.പി.എം എം.എല്‍.എയുടെ ഭാര്യക്ക് കണ്ണൂര്‍ സര്‍വകലാശാലയില്‍ കരാര്‍ നിയമനം. തലശേരി എം.എല്‍.എ എ.എന്‍ ഷംസീറിന്‍റെ ഭാര്യ സഹല ഷംസീറിനാണ് സ്കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സില്‍ അസിസ്റ്റന്‍റ് പ്രൊഫസറായി നിയമനം നല്‍കിയത്. സര്‍വകലാശാലയുടെ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ആദ്യ റാങ്ക് നേടിയ അധ്യാപിക പറഞ്ഞു.
കണ്ണൂര്‍ സര്‍വകലാശാലയുടെ സ്കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സിലേക്ക് കരാര്‍ അധ്യാപകരെ ക്ഷണിച്ച് കഴിഞ്ഞ ജൂണ്‍ എട്ടിനാണ് വിജ്ഞാപനം പുറത്തിറങ്ങിയത്. അധ്യാപന പരിചയം, ദേശീയ - അന്തര്‍ ദേശീയ തലത്തിലുളള സെമിനാര്‍ പ്രസന്‍റേഷന്‍, പ്രസാധനം എന്നിവയെ അടിസ്ഥാനമാക്കി ജനറല്‍ കാറ്റഗറിയിലാണ് നിയമനമെന്നായിരുന്നു വിജ്ഞാപനം. ജൂണ്‍ 14ന് നടന്ന അഭിമുഖത്തില്‍ എം.എല്‍.എയുടെ ഭാര്യയും മറ്റൊരു അധ്യാപികയും മാത്രമാണ് പങ്കെടുത്തത്. 2015 മുതല്‍ ഇതേ വിഭാഗത്തില്‍ കരാര്‍ ജീവനക്കാരിയായിരുന്ന ഈ അധ്യാപികയായിരുന്നു റാങ്ക് പട്ടികയില്‍ ഒന്നാമതെത്തിയത്. എന്നാല്‍ നിയമനം നല്‍കിയതാവട്ടെ, എം.എല്‍.എയുടെ ഭാര്യക്കും.
മുസ്‍ലിം ഒ.ബി.സി സംവരണാടിസ്ഥാനത്തിലാണ് ഷംസീറിന്‍റെ ഭാര്യക്ക് നിയമനം നല്‍കിയതെന്നാണ് സര്‍വകലാശാലയുടെ വിശദീകരണം. എന്നാല്‍ പൊതുനിയമനത്തിനായി വിജ്ഞാപനം ഇറക്കിയ ശേഷം നിയമനം സംവരണാടിസ്ഥാനത്തിലാക്കിയത് എം.എല്‍.എയുടെ ഭാര്യക്ക് നിയമനം നല്‍കാനാണെന്നാണ് ആക്ഷേപം.
എം.എല്‍.എയുടെ ഭാര്യ ഇന്ന് മുതല്‍ ജോലിക്ക് ഹാജരായിട്ടുണ്ട്. സര്‍വകലാശാലയുടെ നടപടിക്കെതിരെ നാളെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാനൊരുങ്ങുകയാണ് ആദ്യ റാങ്കുകാരിയായ അധ്യാപിക.