വരാപ്പുഴ കസ്റ്റഡി കൊലപാതകം; സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി
കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് ശ്രീജിത്തിന്റെ കുടുംബം
വരാപ്പുഴ കസ്റ്റഡി കൊലപാതകത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി. പൊലീസ് അന്വേഷണം ശരിയായ രീതിയിലാണ് നടക്കുന്നതെന്ന സർക്കാർ വാദം കോടതി അംഗീകരിച്ചു. കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് ശ്രീജിത്തിന്റെ കുടുംബം അറിയിച്ചു.
വരാപ്പുഴയിലെ ശ്രീജിത്തിന്‍റെ കസ്റ്റഡി കൊലപാതകത്തിൽ പൊലീസുകാർ തന്നെ പ്രതിയാണെന്നും അതിനാൽ പൊലീസിന്‍റെ അന്വേഷണം ഫലപ്രദമാകില്ലെന്നും സി.ബി.ഐ അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് ശ്രീജിത്തിന്റെ ഭാര്യ അഖില സമര്‍പ്പിച്ച ഹരജിയാണ് കോടതി തള്ളിയത്.
നിലവിലെ പ്രത്യേക അന്വേഷണ സംഘം കേസ് നല്ല രീതിയില്‍ അന്വേഷിക്കുകയാണെന്നും സി.ബി.ഐ അന്വേഷണം വേണ്ടെതില്ലെന്നുമായിരുന്നു സർക്കാർ നിലപാട്. ഇത് കോടതി അംഗീകരിച്ചു. പോലീസ് അന്വേഷണത്തിൽ വീഴ്ച ഉണ്ടെന്നു ബോധ്യപ്പെടുത്തുന്ന തെളിവുകൾ ഹാജരാക്കാൻ ഹരജിക്കാരിയായ അഖിലക്ക് കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
കേസിലെ പ്രധാന പ്രതികളെല്ലാം പിടിയിലായെന്നും ആലുവ റൂറൽ എസ്.പിക്ക് സംഭവിച്ചത് കൃത്യവിലോപമാണെന്നുമുള്ള പ്രോസിക്യുഷന്റെ വാദം കോടതി അംഗീകരിച്ചു. കേസിൽ പ്രധാന സാക്ഷികളെല്ലാം ശ്രീജിത്തിന്റെ സുഹൃത്തുക്കളും ബന്ധുക്കളുമാണ്. അതിനാൽ തെളിവ് നശിപ്പിക്കുമെന്ന ആശങ്ക വേണ്ടന്നും കോടതി വ്യക്തമാക്കി