പൊലീസില്‍ സാങ്കേതിക വൈദഗ്ധ്യം പ്രയോജനപ്പെടുത്താന്‍ പുതിയ സംവിധാനം
സംസ്ഥാന പോലീസ് സേനയില്‍ വിവിധ ബറ്റാലിയനുകളില്‍ മാത്രമായി സാങ്കേതിക വിദ്യാഭ്യാസ യോഗ്യതയുള്ള 160 സിവില്‍ പോലീസ് ഓഫീസര്‍മാര്‍ ഉണ്ടെന്നാണ് കണക്ക്.
പൊലീസില്‍ സാങ്കേതിക വൈദഗ്ധ്യം പ്രയോജനപ്പെടുത്താന്‍ പുതിയ സംവിധാനം ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി വിവിധ ബറ്റാലിയനുകളിലെ സാങ്കേതിക യോഗ്യതകളുള്ള സേനാംഗങ്ങളുമായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹറയും മറ്റ് ഉന്നത പോലീസ് ഉദ്യോഗസ്ഥരും ആശയവിനിമയം നടത്തി. ആംഡ് പോലീസ് ബറ്റാലിയന്‍ ഡിഐജി ഷെഫീന്‍ അഹമ്മദിനെ ഇതിന്റെ വിശദാംശങ്ങള്‍ തയ്യാറാക്കുന്നതിനും സംസ്ഥാന പോലീസ് മേധാവി ചുമതലപ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാന പോലീസ് സേനയില്‍ വിവിധ ബറ്റാലിയനുകളില്‍ മാത്രമായി സാങ്കേതിക വിദ്യാഭ്യാസ യോഗ്യതയുള്ള 160 സിവില്‍ പോലീസ് ഓഫീസര്‍മാര്‍ ഉണ്ടെന്നാണ് കണക്ക്. ഇവരില്‍ 68 ബിടെക്കുകാരും, 22 എംബിഎ/ബിബിഎക്കാരും, 15 എംസിഎ/ എംഎസ്സി കമ്പ്യൂട്ടര്‍ സയന്‍സുകാരും ഒരു എംടെക് ബിരുദധാരിയും എട്ട് എല്‍എല്‍ബി/എല്‍എല്‍എം ബിരുദധാരികളും, ഒമ്പത് എംഫില്‍ ബിരുധദാരികളും 13 പിജിഡിസിഎക്കാരും ഉള്‍പ്പെടുന്നു.
സാധാരണ പോലീസ് ചുമതലകള്‍ക്കപ്പുറം യോഗ്യതക്ക് അനുസരിച്ച് സാങ്കേതിക കഴിവുകള്‍ ആവശ്യമായ ചുമതലകള്‍ ഇവര്‍ക്ക് നല്‍കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായുള്ള ഒരു പ്രവര്‍ത്തനപരിപാടിക്ക് രൂപം നല്‍കി വരുകയാണെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹറ അറിയിച്ചു. ഓരോരുത്തരുടേയും യോഗ്യതയും കഴിവും അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളില്‍ വിന്യസിക്കാന്‍ കഴിഞ്ഞാല്‍ സേനാംഗങ്ങളില്‍ നിന്ന് കൂടുതല്‍ മികച്ച പ്രകടനം പോലീസിന് ലഭ്യമാകും. ഇത്തരത്തിലുള്ള മനുഷ്യവിഭവശേഷി വിന്യാസത്തിനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ഈ അനുഭവം വിലയിരുത്തി കേരള പോലീസ് ഒരു ടെക്‌നിക്കല്‍ കേഡര്‍ ഭാവിയില്‍ രൂപീകരിക്കുക എന്നതും ലക്ഷ്യമാണ്. അതിലേയ്ക്കുള്ള ആദ്യചുവടുവയ്പ്പാണിതെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.
സൈബര്‍ ഫോറന്‍സിക്, വിവിധ ഐടി അധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍, സൈബര്‍ കുറ്റാന്വേഷണം, നിയമസഹായം, വിവിധ പദ്ധതികളുടെ നടത്തിപ്പ്, നവമാധ്യമപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ മേഖലകളിലാണ് സാങ്കേതിക/പ്രൊഫഷണല്‍ വൈദഗ്ധ്യമുള്ളവരെ നിയമിക്കുന്നത്.