സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ ഒ.ഇ.സി വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം അനുവദിച്ചു
ഒ.ഇ.സി വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം തടയുന്നുവെന്ന മീഡിയവണ്‍ വാര്‍ത്തയെ തുടര്‍ന്നാണ് ആരോഗ്യവകുപ്പിന്‍റെ ഇടപെടല്‍.
സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ ഫീസിളവിന് അര്‍ഹരായ ഒ.ഇ.സി വിഭാഗക്കാര്‍ക്ക് പ്രവേശനം നല്‍കി തുടങ്ങി. വിദ്യാര്‍ഥികളുടെ ഫീസ് ഇളവ് സര്‍ക്കാര്‍ നല്‍കാമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. ഒ.ഇ.സി വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം തടയുന്നുവെന്ന മീഡിയവണ്‍ വാര്‍ത്തയെ തുടര്‍ന്നാണ് ആരോഗ്യവകുപ്പിന്‍റെ ഇടപെടല്‍.
സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ ഏകീകൃത ഫീസ് ആയ ശേഷം ഫീസിളവിന് അര്‍ഹരായ വിഭാഗമാണ് ഒ.ഇ.സി സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മെരിറ്റ് വിദ്യാര്‍ഥികള്‍. എന്‍.ആര്‍.ഐ ഫീസില്‍ നിന്നുള്ള 5 ലക്ഷം രൂപ കോര്‍പസ് ഫണ്ടിലേക്ക് മാറ്റി അതില്‍ നിന്നാണ് ഒ.ഇ.സി വിഭാഗത്തിന് ഫീസിളവ് നല്‍കുന്നത്.
ഫീസിളവിന് അര്‍ഹരായവുടെ പട്ടിക പ്രസിദ്ധീകരിക്കുകയോ ഫീസിളവ് നല്‍കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കുകയോ ചെയ്യാത്തതിനാല്‍ ഒ.ഇ.സി വിഭാഗത്തെ പ്രവേശിപ്പിക്കാന്‍ മാനേജ്മെന്‍റുകള്‍ തയാറായില്ല. ഇക്കാര്യം മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് ആരോഗ്യവകുപ്പ് ഇടപ്പെട്ടത്.
ആരോഗ്യവകുപ്പ് അഡീ സെക്രട്ടറി മാനേജ്മെന്‍റ് അസോസിയേഷനുമായി സംസാരിച്ചു. ഒ.ഇ.സി വിഭാഗക്കാര്‍ക്കുള്ള ഫീസിളവ് നല്‍കാമെന്ന് ഉറപ്പ് നല്‍കി. ഉത്തരവ് ഉടന്‍ ഇറക്കാമെന്നും സമ്മതിച്ചു. ഇതോടെ വിദ്യാര്‍ഥികള്‍ക്ക് പ്രവേശം നല്‍കാന്‍ മാനേജ്മെന്‍റുകള്‍ തീരുമാനിക്കുകയായിരുന്നു.
പല വിദ്യാര്‍ഥികളും ഇന്ന് ഉച്ചയോടെ കോളജുകളില്‍ പ്രവേശനത്തിനായി എത്തി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന യോഗ്യരായ വിദ്യാര്‍ഥികളുടെ എം.ബി.ബി.എസ് അവസരം നഷ്ടപ്പെടുമെന്ന സാഹചര്യം കണക്കിലെടുത്താണ് ആരോഗ്യവകുപ്പ് അടിയന്തര ഇടപെടല്‍ നടത്തിയത്. എന്‍.ആര്‍.ഐ യില്‍ നിന്ന് 5 ലക്ഷം രൂപ സ്വരൂപിക്കുന്ന കോര്‍പസ് ഫണ്ടില്‍ പ്രതീക്ഷിച്ചത്ര പണം എത്തിയിരുന്നില്ല. ഉത്തരവ് ഇറങ്ങാന്‍ വൈകുന്നതിന് ഇതും കാരണമാകുന്നതായും സൂചനയുണ്ട്.