വട്ടവടയില്‍ ലൈബ്രറി ഒരുങ്ങുന്നു; പേര് അഭിമന്യു മഹാരാജാസ്
സ്വന്തം നാടായ വട്ടവടയിൽ ഒരു ലൈബ്രറി ഉണ്ടാവണമെന്നതായിരുന്നു അഭിമന്യുവിന്റെ സ്വപ്നം. കഴിഞ്ഞ ഗ്രാമസഭകളിലും പഞ്ചായത്ത് വികസന സെമിനാറിലും അഭിമന്യു തന്നെ ഈ ആവശ്യം മുന്നോട്ട് വയ്ക്കുകയും ചെയ്തിരുന്നു.
അഭിമന്യുവിന്റെ സ്വപ്നങ്ങൾക്ക് കൈത്താങ്ങാകുമെന്ന് എസ്എഫ്ഐ. വട്ടവടയിൽ അഭിമന്യുവിന്റെ പേരിൽ സ്ഥാപിക്കുന്ന ലൈബ്രറിയിലേക്ക് പതിനായിരം പുസ്തകങ്ങൾ നൽകും. അഭിമന്യുവിന്റെ കുടുംബത്തിന് സ്ഥലം വാങ്ങി വീട് വച്ചു നല്കുന്ന പരിപാടിയിൽ സഹായിക്കാൻ ജില്ലയിലെ മുഴുവൻ ക്യാമ്പസുകളിൽ നിന്നും കുടുംബ സഹായ ഫണ്ട് ശേഖരിക്കുമെന്നും എസ്എഫ്ഐ ജില്ലാ നേതൃത്വം വ്യക്തമാക്കി.
സ്വന്തം നാടായ വട്ടവടയിൽ ഒരു ലൈബ്രറി ഉണ്ടാവണമെന്നതായിരുന്നു അഭിമന്യുവിന്റെ സ്വപ്നം. കഴിഞ്ഞ ഗ്രാമസഭകളിലും പഞ്ചായത്ത് വികസന സെമിനാറിലും അഭിമന്യു തന്നെ ഈ ആവശ്യം മുന്നോട്ട് വയ്ക്കുകയും ചെയ്തിരുന്നു. ഒരു മാസത്തിനുള്ളിൽ ലൈബ്രറി ആരംഭിച്ച്, അതിന് അഭിമന്യു മഹാരാജാസ് എന്ന് പേരിടാനാണ് വട്ടവട ഗ്രാമ പഞ്ചായത്തിന്റെ തീരുമാനം.
എസ്എഫ്ഐ മഹാരാജാസ് യൂണിറ്റ് 10000 പുസ്തകങ്ങൾ സംഭാവന ചെയ്യും. സംസ്കൃത സർവ്വകലാശാല, ആലുവ യു സി കോളജ് യൂണിറ്റുകൾ 1000 പുസ്തകങ്ങൾ വീതം നൽകാനാണ് തീരുമാനം. വട്ടവടയിൽ അവധിക്കാല ക്യാംപ് സംഘടിപ്പിക്കാനും വിവിധ സന്നദ്ധ പ്രവർത്തനങ്ങൾക്ക് നേത്രത്വം നൽകാനും തീരുമാനമായിട്ടുണ്ട്. അഭിമന്യുവിന്റെ കുടുംബത്തിന് വീട് വച്ചു നല്കുന്നതിലും എസ്എഫ്ഐ പങ്കെടുക്കും.
12 ന് ഡിവൈഎഫ്ഐ യോടൊപ്പം ചേർന്ന് ഹൃദയപക്ഷം ക്യാംപയിനും എസ് എഫ്ഐ സംഘടിപ്പിക്കും. വർഗ്ഗീയ വാദം തുലയട്ടെ എന്ന ക്യാംപയിനിൽ നിരവധി ചിത്രകാരന്മാർ പങ്കെടുക്കും. 18 ന് കോളജിനു മുന്നിൽ സംഘടിപ്പിക്കുന്ന 24 മണിക്കൂർ ധർണ്ണയിൽ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്നും എസ്എഫ്ഐ നേതാക്കൾ വ്യക്തമാക്കി.